വാഷിംഗ്ടൺ:ലോകപ്രശസ്ത ഗായിക ലേഡി ഗാഗയുടെ കല്യാണ വാർത്ത അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. അതിന്റെ ഞെട്ടൽ മാറും മുമ്പ് ഏഴുകോടിരൂപയുടെ വിവാഹമോതിരമണിഞ്ഞ് ഗാഗ ആരാധകരെ വീണ്ടും ഞെട്ടിച്ചു.
കഴിഞ്ഞവർഷം നവംബറിലാണ് ഗാഗ രണ്ടാമതും വിവാഹിതയാവുന്നെന്ന വാർത്ത പുറത്തുവന്നത്. പക്ഷേ, താരം അതൊന്നും മൈൻഡുചെയ്തില്ല. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ചിരിയായിരുന്നു ഉത്തരം. പുറകേ നടന്നെങ്കിലും പപ്പരാസികൾക്കും കാര്യമായി ഒന്നും തടഞ്ഞില്ല.
കഴിഞ്ഞ ജനുവരിയിൽ ഗാഗ വിവാഹ മോതിരമണിഞ്ഞ് വേദിയിലെത്തിയിരുന്നെങ്കിലും അതാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അടുത്തിടെ ഒരു പുരസ്കാരച്ചടങ്ങിനിടെയാണ് 49-കാരനായ ക്രിസ്റ്റ്യൻ കാരിനോക്കുമായുള്ള വിവാഹവാർത്ത സ്ഥീരീകരിച്ചത്. അപ്പോഴാണ് ഗാഗയുടെ കൈയിലെ മോതിരത്തിന്റെ ഗുട്ടൻസ് മിക്കവർക്കും പിടികിട്ടിയത്.
ആർട്ടിസ്റ്റ് ഏജൻസിയിലെ ജീവനക്കാരനാണ് കാരിനോക്ക്. ഇയാളുടെ രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തിൽ ഇയാൾക്ക് ഒരു മകളുണ്ട്.
പിങ്ക് നിറത്തിലുള്ള കല്ലിനുചുറ്റും വെളുത്ത നിറത്തിലുള്ള ഡയമണ്ടുകൾ പിടിപ്പിച്ച് പൂവിന്റെ ആകൃതിയിലുള്ള മോതിരമായിരുന്നു ഗാഗ അണിഞ്ഞിരുന്നത്.
ഇതിന് ചുരുങ്ങിയത് ഏഴുകോടിരൂപയെങ്കിലും വിലവരുമെന്നാണ് കേൾക്കുന്നത്. ഇവരുടെ വിവാഹം ഉടനുണ്ടാവുമെന്നാണ് കേൾക്കുന്നത്.
കളർസ്റ്റോണുകൾ നടുവിൽ പിടിപ്പിച്ച മോതിരങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. അടുത്തിടെ വിവാഹിതയായ ബ്രിട്ടീഷ് രാജകുടുംബാംഗം യുജിനിയുടെ വിവാഹ മോതിരവും സമാനമായ ഡിസൈനിൽ ഉള്ളതായിരുന്നു.
ലേഡി ഗാഗ
അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് മുപ്പത്തിരണ്ടുകാരി സ്റ്റെഫാനി ജോവന്നെ ലേഡി ഗാഗ.തുടക്കത്തിൽ ഗാനരചയിതാവുമാത്രമായിരുന്നെങ്കിലും പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞതോടെ ശുക്രനുദിച്ചു.
2008ൽ പുറത്തിറക്കിയ ആദ്യ ആൽബം വൻ വിജയമായിരുന്നു. തുടർന്നിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. 12 ഗിന്നസ് ബുക്ക് റെക്കോർഡുകൾ , ആറു ഗ്രാമി പുരസ്കാരം, മൂന്നു ബ്രിട്ട് പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കൻ ഹൊറർ സ്റ്റോറി:ഹോട്ടൽ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.