whats-app

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ 'ഫോൺകെണി' വിവാദത്തെക്കുറിച്ച് പാർട്ടി അന്വേഷണം തുടങ്ങി. മേയർ അഡ്മിനായി ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പാർട്ടി തർക്കവും അനാശാസ്യ കാര്യങ്ങളും ഉൾപ്പെടുന്ന വോയ്സ് സന്ദേശം ഒരു സി.പി.എം കൗൺസിലറുടെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. അതോടെ മേയർ സ്വയം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുപോയി. മറ്റൊരു അഡ്മിനായ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ ഗ്രൂപ്പ് പിരിച്ചുവിട്ടു.

ഒരു ലോക്കൽ കമ്മിറ്റി അംഗം ഒരു യുവതിയുമായി ഫോണിൽ സംസാരിച്ചതിന്റെ റെക്കാഡ് ചെയ്ത ഭാഗങ്ങളാണ് മേയർ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് എത്തിയത്. സന്ദേശത്തിൽ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതയും ലൈംഗികചുവയുള്ള വാക്കുകളും അടങ്ങിയിരുന്നു. പാർട്ടിക്കുള്ളിലെ തർക്കങ്ങളും വിശദീകരിക്കുന്നുണ്ട്.

ശബ്ദസന്ദേശം പുറത്തായതോടെ ലോക്കൽ കമ്മിറ്റി അംഗത്തോട് പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും മാറി നിൽക്കാൻ നേതൃത്വം നിർദ്ദേശം നൽകി. കണ്ണൂർ ഏരിയാ കമ്മിറ്റിയാണ് വിവാദം അന്വേഷിക്കുന്നത്. ഒരു കൗൺസിലറുടെ ഭർത്താവിനെതിരെ ലൈംഗികാരോപണത്തിന് കാരണമായ ശബ്ദസന്ദേശം പുറത്തുവിട്ടത് മറ്റൊരു കൗൺസിലർ തന്നെയാണെന്നുള്ളതാണ് കോർപ്പറേഷനിൽ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയത്.

യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം റെക്കാഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നിൽ പാർട്ടിയിലെ ചേരിതിരിവാണെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. അവിചാരിതമായാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ആരോപണ വിധേയനായ യുവാവ് പറയുന്നു. സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

പരിഹരിക്കാനും നീക്കം

അതിനിടെ സന്ദേശം ഗ്രൂപ്പിലിട്ട കൗൺസിലർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സന്ദേശം പ്രതിപക്ഷ കൗൺസിലർമാർക്ക് ഉൾപ്പെടെ കിട്ടിയെന്നറിഞ്ഞപ്പോൾ ഇവ ഷെയർ ചെയ്യരുതെന്ന് ഇദ്ദേഹം എല്ലാവരോടും വിളിച്ച് അഭ്യർത്ഥന നടത്തിയിരുന്നുവെന്നും പറയപ്പെടന്നു. അബദ്ധത്തിൽ പോസ്റ്റ് ചെയ്തതാണെന്ന വിശദീകരണത്തോടെ ആയിരുന്നുവത്രെ ഇത്. കോർപ്പറേഷനിൽ ഒരു വിമത കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്. അതിനാൽ, വിവാദം ഭരണത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അറിയുന്നു.