പന്തളം: ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തിരുത്തി പന്തളം രാജകുടുംബാംഗം ശശികുമാർ വർമ രംഗത്ത്. ക്ഷേത്രം ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വർഷം കൂടുന്പോൾ മാറുന്നതല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആചാരപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറയല്ല. ശബരിമലയിലെ വരുമാനത്തിൽ രാജകൊട്ടാരത്തിന് കണ്ണില്ല. അതിൽ കണ്ണ് നട്ടിരിക്കുന്നവരുണ്ട്. അത് കണ്ട് പിടിക്കേണ്ട ജോലി മാദ്ധ്യമങ്ങളുടേതാണ്. ദേവസ്വം ബോർഡിൽ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. എന്നാൽ, ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. ബോർഡിന്റെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും ഞങ്ങൾ ചോദിക്കില്ല. തിരുവാഭരണത്തിനൊപ്പം പോകുന്നവർക്ക് ആയിരം രൂപ കൊടുക്കുന്നുണ്ട്. അതിൽ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പല സർക്കാരുകളും തന്നിട്ടുണ്ട്. അതിന് ബോർഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം ആരുടേതൊണെന്ന ചർച്ച ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇത്തരം കാര്യങ്ങൾ പറയാൻ പന്തളം കൊട്ടാരം നിർബന്ധിക്കപ്പെടുകയാണ്. ക്ഷേത്രങ്ങളുടെ ഭരണച്ചുമതലകളാണ് കവനന്റിലൂടെ ദേവസ്വം ബോർഡിന് കൈമാറിയത്. കവനന്റിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ ഒരു മാറ്റങ്ങളും കൂടാതെ നടപ്പാക്കും എന്നും പറഞ്ഞിട്ടുണ്ട്. കവനന്റിലെ ഈ വ്യവസ്ഥകൾ പാലിക്കണം എന്നാണ് കൊട്ടാരം ആവശ്യപ്പെട്ടത്. അത് ലംഘിക്കപ്പെട്ടത് കൊണ്ടാണ് കവനന്റിനെ കുറിച്ച് പറയേണ്ടി വന്നതെന്നും ശശികുമാർ വർമ വിശദീകരിച്ചു.ക്ഷേത്രത്തിന്റെ ആചാര കാര്യങ്ങളിൽ തന്ത്രിയുടേതാണ് അവസാന വാക്ക്. ക്ഷേത്രം അടച്ചിടാനുള്ള അവകാശം തന്ത്രിക്കുണ്ട്.
ദേവസ്വം ബോർഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിച്ചത്. തിരുവിതാംകൂറിൽ നിന്ന് അന്നത്തെ കാലത്ത് പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കായാണ്. അല്ലാതെ സ്വകാര്യ ആവശ്യത്തിനല്ല. പരമപുച്ഛത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പലതും വിഷമമുണ്ടാക്കി. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്ക്. മലയരയന്മാരെ ഓടിച്ച് വിട്ടത് ദേവസ്വം ബോർഡ് രൂപീകരിച്ചതിന് ശേഷമാണ്. ക്ഷേത്രത്തിന്റെ ഊരാളർ സ്ഥാനം നിലനിർത്തിയാണ് നിയമനിർമ്മാണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിസവങ്ങളിൽ ശബരിമല തീർത്ഥാടന കേന്ദ്രമായിരുന്നില്ല. യുദ്ധസമാന സ്ഥിതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. നിലയ്ക്കലിൽ ആദ്യം പൊലീസിന്റെ അടികൊണ്ടത് നാമജപവുമായി പ്രതിഷേധിച്ച ആദിവാസികൾക്കാണ്. ജാതിയുടെ പേരു പറഞ്ഞ് അവർണെനന്നും സവർണനെയും വേർതിരിച്ച് തമ്മലടിപ്പിക്കാനാണ് ശ്രമം നടന്നതെന്നും ശശികുമാർ പറഞ്ഞു.