ബീജിംഗ്: ഒരാഴ്ച്ച ഇടതടവില്ലാതെ മൊബൈൽ ഫോണിൽ കളിച്ച യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം നടന്നത്.
ഒരാഴ്ച്ച ലീവെടുത്ത് വീട്ടിൽ കഴിയവെയാണ് യുവതി ഫോണുമായി ചങ്ങാത്തം കൂടിയത്. അതോടെ മുഴുവൻ സമയവും ഫോണിൽ കളിയായി. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രമാണ് ഫോണിൽ നിന്ന് കൈ എടുത്തത്.
കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ യുവതിയുടെ കൈവിരലുകൾ വേദനിക്കാൻ തുടങ്ങി.
പക്ഷേ, മൈൻഡുചെയ്തില്ല. അല്പം കഴിഞ്ഞതോടെ സ്ഥിതി ഗുരുതരമായി.
വിരലുകൾ സ്മാർട്ട് ഫോൺ പിടിച്ച രീതിയിൽ അനക്കമില്ലാത്ത അവസ്ഥയിലായി. ഒപ്പം അസഹ്യമായവേദനയും.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോക്ടർമാർ യുവതിയുടെ കൈവിരലിന്റെ ചലനശേഷി തിരികെ കൊണ്ടുവന്നത്. കൈകൾ സാധാരണനിലയിലാവാൻ ഇനിയും സമയമെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.