വിശാഖപട്ടണം : ആദ്യ മത്സരത്തിലെ ഗംഭീര വിജയത്തിന്റെ തുടർച്ചയ്ക്കായി വിശാഖപട്ടണത്ത് ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. വിശാഖപട്ടണത്ത് മുൻപ് നടന്ന ഏഴ് ഏകദിനങ്ങളും ടോസ് നേടിയവരാണ് ജയിച്ചതെന്ന റെക്കോർഡിൽ കണ്ണുവച്ചാണ് ഇന്ത്യൻ ക്യാപ്ടൻ കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തത്.
നേരത്തേ ഇൻഡോറിൽ നിശ്ചയിച്ചിരുന്ന മത്സരം കോംപ്ളിമെന്ററി പാസിന്റെ പ്രശ്നത്തിൽ കുരുങ്ങിയതിനാലാണ് വിശാഖ പട്ടണത്തേക്ക് മാറ്റിയത്.
ഗോഹട്ടിയിൽ നടന്ന ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം ആഘോഷിച്ചിരുന്നത്. അതിനുമുമ്പ് നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യ സമ്പൂർണ വിജയം സ്വന്തമാക്കിയിരുന്നു. ഗോഹട്ടിയിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 322/8 എന്ന സ്കോർ 42.1 ഓവറിലാണ് ഇന്ത്യ ചേസ് ചെയ്തത്. ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെയും (140 ) രോഹിത് ശർമ്മയുടെയും (152) സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം നൽകിയത്.
ദുർബലമായ വിൻഡീസ് ബൗളിംഗ് നിരയിൽ നിന്ന് ഇന്നും കാര്യമായ വെല്ലുവിളി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്വന്തം മണ്ണിൽ എന്നും മികവുകാട്ടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ മാർക്ക് ആസ്ട്രേലിയൻ പര്യടനത്തിനുമുമ്പ് മികച്ച പരിശീലനം നൽകുകയാണ് വിൻഡീസ് ഇതുവരെയുള്ള മത്സരങ്ങളിൽ ചെയ്തിരുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ മധ്യനിരയ്ക്ക് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അടുത്തവർഷം ഇംഗ്ളണ്ടിൽ നടക്കുന്ന ലോകകപ്പ് മുന്നിൽക്കണ്ട് ധോണിയടക്കമുള്ള മധ്യനിര ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ബാറ്റിംഗ് ഓർഡറിൽ ഇന്ത്യ ചില മാറ്റങ്ങൾ വരുത്താനും സാദ്ധ്യതയുണ്ട്.
ബൗളിംഗിലാണ് ഇന്ത്യ കൂടുതലായി ശ്രദ്ധിക്കുക. 300 ലേറെ റൺസ് ആദ്യ മത്സരത്തിൽ വഴങ്ങിയത് കോച്ച് രവിശാസ്ത്രിയെ ബൗളിംഗ് ലൈനപ്പിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചേക്കും. ഖലീൽ അഹമ്മദിന് പകരം കുൽദീപിന് ടീമിൽ ഇടം നൽകിയിട്ടുണ്ട്.