ഹെൽമറ്റ് ഊരി ബൈക്കിന്റെ മിററിൽ തൂക്കിയിട്ട് അയാളും ജനങ്ങൾക്കിടയിലൂടെ വീട്ടുമുറ്റത്തേക്കു കയറി.
കടും നീല നിറത്തിലുള്ള ജീൻസും അതേ നിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം...
സഹപാഠികളുടെയും ബന്ധുക്കളുടെയും കൂട്ട വിലാപങ്ങൾക്ക് അവസാനം സത്യന്റെ ബോഡി ചിതയിലേക്കെടുത്തു.
അപ്പോഴേക്കും അല്പം പോലും കരഞ്ഞില്ല വാസുദേവൻ.
ചിത എരിഞ്ഞു തുടങ്ങി.
ആളുകൾ പിരിഞ്ഞു... ആ കൂട്ടത്തിൽ ബുള്ളറ്റ് ബൈക്കിൽ വന്ന ആളും....
അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രം ബാക്കിയായി.
സത്യന്റെ കൊലയാളികളെ അറസ്റ്റുചെയ്തതും അതൊരു ക്വട്ടേഷൻ വർക്ക് ആയിരുന്നതുമെല്ലാം രാവിലെ മുതൽ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു...
സന്ധ്യ.
പൂമുഖത്ത് അകലെ എവിടേക്കോ കണ്ണുനട്ട് ഇരിക്കുകയായിരുന്നു വാസുദേവൻ.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായിഎസ്.ഐ വിജയ അയാൾക്ക് അടുത്തെത്തി.
''അച്ഛാ.." അവൾ അയാളുടെ തോളിൽ കൈവച്ചു.
ഉൽക്കടമായി ഞെട്ടിയതുപോലെ വാസുദേവൻ തിരിഞ്ഞുനോക്കി.
കണ്ണുകളിൽ 'എന്താണ്" എന്ന ചോദ്യ ഭാവം.
വിജയ അച്ഛന്റെ അരുകിലിരുന്നു...
''ഇങ്ങനെ അടക്കിപ്പിടിച്ച് ഇരിക്കാതെ ഒന്നും കരയുകയെങ്കിലും ചെയ്യ് അച്ഛാ..."
കണ്ണിമ ചലിപ്പിക്കാതെ മകളുടെ മുഖത്തേക്ക് അല്പനേരം നോക്കിയിരുന്നു വാസുദേവൻ.
മന്ത്രണം കണക്കെ അയാളുടെ ചുണ്ടനങ്ങി.
''കരയരുത്... കരയാൻ പാടില്ല. കരഞ്ഞാൽ അത് എന്റെ കുഞ്ഞിനോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും. കരയാതെ മനസ്സിൽകിടന്ന് എരിയണം, അവന്റെ ഓർമ്മകൾ ... എങ്കിലേ എന്റെ കുഞ്ഞിനെ കൊല്ലാൻ അച്ചാരം കൊടുത്തവനോട് എനിക്ക് പക തീർക്കാൻ പറ്റൂ..."
നടുങ്ങിപ്പോയി വിജയ.
''അച്ഛൻ എന്താണീപറയുന്നത്?"
''സത്യം!" വാസുദേവന്റെ വാക്കുകൾക്ക് കട്ടി കൂടി." ഇവിടെപിടഞ്ഞു വീഴുന്ന ഓരോ നിരപരാധിയുടെയും കുടുംബങ്ങൾ കരഞ്ഞു ജീവിതം പാഴാക്കാതെ കൊന്നവനെ തിരിച്ചുകൊന്നിരുന്നെങ്കിൽ അക്രമം ഇങ്ങനെ കൊടികുത്തി വാഴില്ലായിരുന്നു....
നിന്റെ പോലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ഈ നാടിനു വേണ്ടത് കൂലിക്കു കൊടിപിടിക്കാൻ പോകുന്നവരെയും വോട്ട് പാഴാക്കി കളയുന്നവരെയുമല്ല.. ചോരയിൽ വെടിമരുന്ന് നിറച്ചവരെ.. പുതിയ സുഭാഷ്ചന്ദ്രബോസ്മാരെയും ഭഗത്സിംഗുമാരെയുമാണ്..."
അച്ഛൻ വല്ലാതെ മാറിയിരിക്കുന്നുവെന്ന് വിജയ അറിഞ്ഞു. ഇനിയും വല്ലതും പറഞ്ഞുപോയാൽ അച്ഛൻ പൊട്ടിത്തെറിച്ചേക്കും....
വിജയ ഒരുവട്ടം കൂടി അച്ഛനെ ശ്രദ്ധിച്ചിട്ട് എഴുന്നേറ്റു.
വാസുദേവൻ തെക്കുഭാഗത്തെ തൊടിയിലേക്കു നോക്കി.
സത്യന്റെ ചിതയിൽ നിന്ന്അപ്പോഴും നൂലുപോലെ പുക ഉയരുന്നതു കണ്ടു.
രണ്ട് ദിവസങ്ങൾ കഴിഞ്ഞു.
സത്യന്റെ കൊലയാളികളെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.
നേരത്തെ അറസ്റ്റുചെയ്തിരുന്ന വിദ്യാർത്ഥി നേതാക്കളെ വിട്ടയച്ചു.
സത്യനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയആളിനെ അറസ്റ്റുചെയ്യണം എന്നു പറഞ്ഞ് പാർട്ടി വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കുകയാണ് കോളേജിൽ.
അരുണാചലത്തിനും സംഘത്തിനും'സാർ' ആരാണെന്ന് മനസ്സിലായില്ല.
ടയർ സാജന്റെ ഫോൺ കണ്ടെടുത്ത്പരിശോധിച്ചെങ്കിലും അതിൽ നിന്ന് ഒന്നും കിട്ടിയില്ല...
പലപ്പോഴും'സാർ' അയാളെ വിളിച്ചിരുന്നു എന്ന് അഷറഫിന്റെ മൊഴിയിൽ ഉണ്ടായിരുന്നു. പക്ഷേ ഫോൺ മെമ്മറിയിൽ നിന്ന് എല്ലാം നഷ്ടമായ അവസ്ഥയിലായിരുന്നു...
ഈ സംഭവങ്ങൾ നടക്കുമ്പോൾ മുൻ ആഭ്യന്തരമന്ത്രിയും മകൻ രാഹുലും വേറെ ചില നീക്കത്തിലായിരുന്നു.
''എന്റെ വീട്ടിൽ കയറി എന്നെ കസ്റ്റഡിയിലെടുത്ത ആ എസ്.പി ഇനി വേണ്ടച്ഛാ.. അവനെ എനിക്കുതന്നെ കൊല്ലണം.""
രാഹുൽ, അച്ഛനെ നോക്കി.
രാജസേന്റെ മുഖം ചുളിഞ്ഞു.
''എന്നെപ്പോലും അനുസരിക്കാത്ത അരുണാചലത്തോട് പ്രതികാരം ചെയ്യരുത് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ ഒന്നിനും ഒരു തെളിവ്ഉണ്ടാകാൻ പാടില്ല...""
രാജസേനൻ പറഞ്ഞു,
രാഹുലിന്റെ മുറിയിലായിരുന്നു ഇരുവരും. സാവിത്രിയമ്മ കേട്ടാൽ ശരിയാവില്ലെന്ന്ഇരുവർക്കും അറിയാം.
അപ്പോൾ മുറ്റത്ത്ഒരു വാഹനത്തിന്റെ ഹോൺ കേട്ടു.
രാഹുൽ ചാടിയെഴുന്നേറ്റു.
''അവൻ വന്നു അച്ഛാ..""
''ആര്?""
മറുപടി പറയാതെ രാഹുൽ പുറത്തേക്കോടി.
(തുടരും)