തിരുവനന്തപുരം: മന്ത്രിയുടെ വീട്ടിലെ എ.ടി.എം കാർഡ് മോഷ്ടിച്ചു എന്ന കുറ്റത്തിന് മുൻ ജോലിക്കാരിയായ ഉഷയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ 6 ന് മണ്ണന്തലയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഭർത്താവ് രാജേന്ദ്രൻ പറഞ്ഞു.പട്ടിക ജാതിക്കാരിയാണ് ഇവർ. മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യയ്‌ക്കെതിരെ പരാതി നൽകിയ മുൻ ജോലിക്കാരി ഉഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാത്യു ടി തോമസിന്റെ ഭാര്യക്കെതിരെ ഉഷ പൊലീസിലും വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, എസ്. സി കമ്മിഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് ഇവർ നേരിട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്. മാത്യു ടി തോമസിന്റെ ഭാര്യ, മരുമകന്റെ ചെരിപ്പ് തുടയ്ക്കാൻ തന്നോടാവശ്യപ്പെട്ടിട്ടും ചെയ്യാത്തതിനാലാണ് തന്നെ കളളക്കേസിൽ കുടുക്കിയതെന്നാണ് അവർ പറയുന്നത്.
മന്ത്രിയുടെ അമ്മയുടെ ശുശ്രുഷക്കായാണ് മന്ത്രിയുടെ മണ്ഡലത്തിലെതന്നെ താമസക്കാരിയായ നൂറനാട് സ്വദേശി ഉഷ മൂന്ന് വർഷങ്ങൾക്കുമുമ്പ് മാത്യു ടി തോമസിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് മാത്യു ടി തോമസ് മന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയിലെ താത്കാലിക ജീവനക്കാരിയായി മന്ത്രി ജോലി നൽകി.
വീട്ടിലെ എ.ടി.എം കാർഡ് മോഷ്ടിച്ചു എന്നാണ് ഉഷയ്‌ക്കെതിരായ കേസ്. എന്നാൽ, ഇത് കെട്ടിച്ചമച്ചതാണെന്നാണ് ഉഷ പറയുന്നത്.