പ്രായം കൂടുന്തോറും കാഴ്ചയിലെ മങ്ങൽ ആളുകളെ അലട്ടാറുണ്ട്. കണ്ണിലെ ലെൻസിന്റെ സുതാര്യത കുറഞ്ഞുവരികയും പ്രകാശം റെറ്റിനയിൽ ശരിയായ രീതിയിൽ എത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. സാധാരണഗതിയിൽ 55 വയസിനു മുകളിലുള്ളവർക്കാണ് തിമിരം ഉണ്ടാകുന്നത്. ലോകത്ത് അന്ധതയ്ക്കുള്ള പ്രധാനകാരണം തിമിരമാണ്. ചികിത്സിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നീങ്ങുന്നു.
തിമിരത്തിന് പല കാരണങ്ങളുമുണ്ട്. പ്രായാധിക്യം, പ്രമേഹം, തുടർച്ചയായി അമിതമായി സൂര്യപ്രകാശം കണ്ണിൽ പതിക്കുന്നത്, പുകവലി, കണ്ണിൽ ഏൽക്കുന്ന പരിക്ക് എന്നിവയെല്ലാം തിമിരം ഉണ്ടാക്കുന്ന കാരണങ്ങളാണ്. പ്രായമാകുമ്പോൾ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് കോശങ്ങൾക്ക് കേടു വരുന്നതിനെ തുടർന്ന് അവ ഒന്നിച്ചുചേർന്ന് കാഴ്ച കുറയുന്നതാണ് ഏറ്റവും സാധാരണമായി തിമിരം ഉണ്ടാകുന്ന പ്രക്രിയ.
കാലക്രമേണയുള്ള കാഴ്ച മങ്ങലാണ് തിമിരത്തിന്റെ പ്രധാന ലക്ഷണം. വസ്തുക്കൾ വികലമായും അവ്യക്തമായും പുക മറഞ്ഞപോലെയും കാണപ്പെടുന്നു. രാത്രിയിൽ നിറം മങ്ങുന്നു. ചിലർക്ക് കണ്ണിൽ എണ്ണ പടർന്നതുപോലെ തോന്നും. വസ്തുക്കൾ രണ്ടായി കാണുകയോ തീവ്രപ്രകാശം സഹിക്കാനാവാതെ വരികയോ ചെയ്യും. ദീപനാളങ്ങൾക്കു ചുറ്റും വലയങ്ങൾ പ്രത്യക്ഷപ്പെടുന്നു.
കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുക, അമിത പുകവലി- മദ്യപാനം ഒഴിവാക്കുക, രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിച്ചു നിർത്തുക, വെയിലത്ത് സൺഗ്ലാസ് ഉപയോഗിക്കുക എന്നിവ തിമിരം വരാതിരിക്കാനുള്ള മുൻകരുതലായി ചെയ്യാവുന്നതാണ്.