പത്തനംതിട്ട: സുപ്രീംകോടതി വിധി ഉണ്ടായിട്ടും തുലാമാസ പൂജകൾക്ക് യുവതികളെ സന്നിധാനത്തേക്ക് കയറ്റാതിരിക്കാൻ കഴിഞ്ഞതിന്റെ വിജയാവേശത്തിലാണ് വിശ്വാസികൾ. സമരക്കാരെ രക്തച്ചൊരിച്ചിൽ ഇല്ലാതെ സന്നിധാനത്ത് നിന്ന് ഇറക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്. ഇനി ചിത്തിര ആട്ടവിശേഷത്തിനായി നവംബർ അഞ്ചിന് വൈകിട്ട് അഞ്ചു മുതൽ ആറിന് രാത്രി 10 വരെ നട തുറക്കും. ഇതാണ് അടുത്ത കടമ്പ. നവംബർ പതിമ്മൂന്നിനേ സുപ്രീംകോടതി റിട്ട് ഹർജികൾ പരിഗണിക്കൂ. അതിനാൽ അഞ്ചിന് യുവതികൾ വന്നാൽ അന്നും പ്രതിഷേധം ഉയരും. നവംബർ 17 മുതൽ എഴുപത് ദിവസത്തോളം തീർത്ഥാടന കാലമാണ്.
ദൃശ്യങ്ങൾ പരിശോധിക്കും
ഭക്തരുടെ വേഷത്തിൽ സന്നിധാനത്ത് തങ്ങിയ പ്രതിഷേധക്കാരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണ കാമറകൾ പരിശോധിക്കും. ഇവർ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ്. തിങ്കളാഴ്ച സന്ധ്യയ്ക്ക് യുവതി വേഷം മാറി എത്തിയെന്ന് പ്രചാരണം നടത്തി സന്നിധാനത്ത് പ്രതിരോധ വലയം തീർത്തവരുടെ മുഖങ്ങൾ നിരീക്ഷണ കാമറകളിൽ വ്യക്തമാണ്. ഇവരെ തിരിച്ചറിയാനാണ് ആദ്യശ്രമം.
92 വാഹനങ്ങൾ തകർന്നു
നിലയ്ക്കലിൽ പാെലീസും സമരക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 92 വാഹനങ്ങൾ തകർന്നതായാണ് ഔദ്യോഗിക കണക്ക്. മാദ്ധ്യമങ്ങളുടേതടക്കം 60 വാഹനങ്ങളും 12 പൊലീസ് വാഹനങ്ങളും 20 കെ.എസ്.ആർ.ടി.സി ബസുകളും ഇതിൽപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി അൻപതോളം കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്. 28 പേരെ അറസ്റ്റ് ചെയ്തിരുന്നു.