crime

മൂവാറ്റുപുഴ: ഒ.എൽ.എക്സ് ചാറ്റ് വഴി ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിലായെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടുക്കി , ചേലച്ചുവട് പൊൻമുടി ഭാഗത്ത് മേച്ചേരി വീട്ടിൽ വാടകക്ക് താമസിക്കുന്ന കടുക്കാകുന്നേൽ അനന്തു (21) വിനെയാണ് വാഴക്കുളം എസ്.ഐ. വിനുവിന്റെ നേതൃത്വത്തിലുള്ല സംഘം അറസ്റ്റ് ചെയ്തത്. ഒ.എൽ.എക്സിൽ ഡ്യൂക്ക് ബൈക്ക് വില്പനക്കുണ്ടെന്ന് പറഞ്ഞ് പരസ്യം ചെയ്ത വാഴക്കുളം പേടിക്കാട്ടുകുന്നേൽ ടോണി പയസിനെ ഒ.എൽ.എക്സ് ചാറ്റ് വഴി തന്നെ പരിചയപ്പെട്ട് വില പറഞ്ഞ് ഉറപ്പിച്ചാണ് കെണിയിൽപ്പെടുത്തിയത്.

പിന്നീട് ഇയാൾ വാഴക്കുളത്തെത്തി ഇവിടുത്തെ ഒരു കടയുടമയുടെ ഫോണിൽ നിന്നും ടോണിയെ വിളിച്ച് വാഹനം ടെസ്റ്റ് റൺ നടത്തണമെന്നും ആവശ്യപ്പെട്ടു. വണ്ടിയും കൊണ്ട് പോയ അനന്തുവിനെ കാണാതെ വിളിച്ചു നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. ഒ.എൽ.എക്സ് അക്കൗണ്ട് നീക്കംചെയ്തിരുന്നു.വാഴക്കുളം ടൗണിലെ 6 സിസി ക്യാമറ ദൃശ്യങ്ങളിൽ നാലിലും മോഷ്ടാവിന്റെ മുഖം പകുതിയോളം ടൗവൽ കൊണ്ട് മറച്ച നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ 20 ദിവസം നീണ്ടുനിന്ന അന്വേഷണത്തിലാണ് അനന്തുവിനെ രാജക്കാടുനിന്നും പിടികൂടാനായത്.

ഇതിനു മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. സി.ഐ. സി. ജയകുമാറും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.