oil
കെ.പി.എൽ ശുദ്ധി റൈസ് ബ്രാൻ ഓയിൽ

കൊച്ചി: കെ.പി.എൽ ഓയിൽ മിൽസിന്റെ പുത്തൻ ഉത്‌പന്നമായ റൈസ് ബ്രാൻ ഓയിൽ വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജോഷ്വ ആന്റോ, മാനേജിംഗ് ഡയറക്‌ടർ ജോസ് ജോൺ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെ.ജെ. പയസ്, ബിസിനസ് കൺസൾട്ടന്റ് കെ.കെ. ദേവരാജ് എന്നിവർ ചേർന്ന് ഉത്‌പന്നം പുറത്തിറക്കി. ആദ്യ വില്‌പന മാനേജിംഗ് ഡയറക്‌ടർ ജോസ് ജോൺ, പ്രിയ സച്ചിതിന് നൽകി നിർവഹിച്ചു. ലിറ്ററിന് 133 രൂപ മുതലാണ് വില.

ഉത്‌പന്ന വൈവിദ്ധ്യവത്‌കരണത്തിന്റെ ഭാഗമായാണ് കെ.പി.എൽ ശുദ്ധി റൈസ് ബ്രാൻ ഓയിൽ പുറത്തിറക്കിയതെന്നും നടപ്പുവർഷം 200 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജോഷ്വ ആന്റോ പറഞ്ഞു. 2016-17ൽ 125 കോടി രൂപയും കഴിഞ്ഞവർഷം 150 കോടി രൂപയുമായിരുന്നു വിറ്റുവരവ്. പ്രതിവർഷം 10-15 ശതമാനം വളർച്ച കമ്പനി നേടുന്നുണ്ട്.

ഇന്ത്യയ്ക്ക് പുറമേ, അമേരിക്ക, ജപ്പാൻ, ഗൾഫ്, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിൽ കെ.പി.എൽ ഉത്‌പന്നങ്ങൾ ലഭ്യമാണ്. മൊത്തം വിറ്റുവരവിൽ 20 ശതമാനം കയറ്റുമതിയിൽ നിന്നാണ്. വൈവിദ്ധ്യവത്‌കരണത്തിന്റെ ഭാഗമായി ആറുതരം അച്ചാറുകൾ മേയിൽ കമ്പനി അവതരിപ്പിച്ചിരുന്നു. കൂടുതൽ ഉത്‌പന്നങ്ങൾ വൈകാതെ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.