കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധമാക്കാൻ 20 പേർ സന്നിധാനത്തുണ്ടായിരുന്നെന്ന് അയ്യപ്പധർമ്മ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ. കൈയിൽ മുറിവേൽപ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിന് മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല സന്നിധിയിൽ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാദ്ധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്'- രാഹുൽ ഈശ്വർ പറഞ്ഞു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിലും ഈ സംഘം സന്നിധാനത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.