sexual-abuse

ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിന് കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ സമിതിയിൽ നിതിൻ ഗഡ്കരി,​ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ,​ വനിതാ ശിശുക്ഷേമ സമിതി മന്ത്രി മേനകാ ഗാന്ധി എന്നിവർ അംഗങ്ങളാണ്. മാദ്ധ്യമ മേഖലയിൽ നിന്ന് അടുത്തിടെ മീ ടൂ വെളിപ്പെടുത്തലുകൾ ഉണ്ടായ സാഹചര്യത്തിലാണ് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചത്. മീ ടൂ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രി എം.ജെ.അക്ബർ രാജിവയ്ക്കാനിടയായതും സർക്കാരിന്റെ തീരുമാനത്തിന് ആക്കം കൂട്ടി.

ജോലിസ്ഥലത്തെ ലൈംഗിക ചൂഷണം തടയുന്നതിനായി 1990ലെ വിശാഖ കേസിൽ കേന്ദ്ര സർക്കാർ തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് സമിതി പഠിക്കും. ഈ മാർഗനിർദ്ദേശങ്ങൾ ലൈംഗിക ചൂഷണം തടയുന്നതിന് പര്യാപ്തമാണോയെന്നും അല്ലെങ്കിൽ നിയമങ്ങൾ കർശമാക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനകം സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കും. കുറ്റവാളിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതിന് മുന്പ് പൊലീസ് എഫ്.ഐ.ആർ സമർപ്പിക്കണമോയെന്നതായിരിക്കും പ്രധാനമായും പരിശോധിക്കുക. എഫ്.ഐ.ആർ ഇല്ലെങ്കിൽ കേസ് പൂർണമായും ഭരണപരമായ പ്രശ്നമായിട്ടാകും കണക്കാക്കുക.


ലൈംഗിക ചൂഷണം കൂടുതൽ യു.പിയിൽ
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലാണ്. കേരളത്തിലാണ് കുറവ്. ഡൽഹി, ഹരിയാന സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. 2015 മുതൽ ഈ വർഷം ജൂലായ് 27 വരെയുള്ള കണക്ക് അനുസരിച്ച് ഉത്തർപ്രദേശിൽ ആകെ രജിസ്റ്റർ ചെയ്തത് 627 കേസുകളാണ്. രാജ്യതലസ്ഥാന മേഖലയിൽ നിന്ന് ഇക്കാലയളവിൽ ലഭിച്ചത് 314 പരാതികൾ. മൂന്നര വർഷത്തിനിടെ രാജ്യത്തു നിന്നാകെ 2164 പരാതികളും ലഭിച്ചു.

2015ൽ ദേശീയ വനിതാ കമ്മിഷനു ലഭിച്ചത് 523 പരാതികളാണെങ്കിൽ തൊട്ടടുത്ത വർഷം ഇത് 539 ആയി ഉയർന്നു. 2017ൽ 570 പരാതികൾ. 2018ൽ ജൂലായ് 27 വരെ 533 പരാതികളും ലഭിച്ചു.

2015 മുതൽ ഈ വർഷം ജൂലായ് 27 വരെ കേരളത്തിൽ നിന്ന് 29 പരാതികൾ ലഭിച്ചു. 2015 ലും 2016 ലും ഒന്പത് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2017 ൽ ഇത് നാലായി കുറഞ്ഞു.