ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാനുള്ള കരുത്തുള്ളതാണ് ഈ സർക്കാരെന്നും, അവിടെ സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച് പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച പരികർമികളെ ഉടൻ പിരിച്ചുവിടാനാണ് നീക്കമെന്നും വേണ്ടിവന്നാൽ അകാരണമായി ശരണം വിളിക്കുന്നത് പോലും നിരോധിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. ഇതൊന്നും പോരെങ്കിൽ മണ്ഡലപൂജയ്ക്ക് നട തുറക്കമ്പോൾ പട്ടാളത്തെ വിളിച്ച് ശബരിമലയിൽ ടിയാനെൻമെൻ സ്‌ക്വയർ ആവർത്തിക്കുമെന്നും അഡ്വ. ജയശങ്കർ അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
താഴമൺ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതായത് സർക്കാരിന്റെ മാത്രം സ്വത്താണ്.
ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിൽ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കിൽ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാൻ ഈ സർക്കാരിനു കരുത്തുണ്ട്.
സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പ്രശ്നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.
പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച പരികർമികളെ ഉടൻ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും. മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയിൽ ടിയാനെൻമെൻ സ്ക്വയർ ആവർത്തിക്കും.