crime

കണ്ണൂർ : മാധ്യമപ്രവർത്തകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ച് വീട് കൊള്ളയടിച്ച സംഘം ബംഗ്ലാദേശിലെത്തിയെന്ന് പൊലീസ്. അക്രമി സംഘത്തിൽപ്പെട്ട നാല് പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതിൽ മൂന്ന് പേരും ബംഗ്ലാദേശിലാണ് ഇപ്പോൾ ഉള്ളത്. ഒരാൾ അതിർത്തി പ്രദേശത്ത് ഒളിവിൽ കഴിയുന്നതായും സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് മാദ്ധ്യമപ്രവർത്തകനായ വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കണ്ണൂർ നഗരത്തിനടുത്തുള്ള ഉരുവച്ചാലിലെ വീട്ടിൽ ആക്രമിച്ച് കെട്ടിയിട്ടാണ് മോഷണം നടത്തിയത്. അറുപത് പവൻ സ്വർണാഭരങ്ങളും 15,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും എ.ടി.എം കാർഡുമാണ് കൊള്ളയടിച്ചത്.

തുടക്കം മുതൽക്കേ ഇതര സംസ്ഥാന തൊഴിലാളികളെ സംശയിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. എന്നാൽ ബംഗാളികളെന്ന വ്യാജേന രാജ്യത്തെത്തി അക്രമങ്ങൾ നടത്തുന്നവരാണ് ഇവരെന്ന് പിന്നീട് മനസിലായി. കണ്ണൂർ സിറ്റിയിലെ വിവിധ ടവറുകളിലെത്തിയ ഒന്നര ലക്ഷത്തോളം കോളുകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഇവരെ പിന്തുടർന്ന് അതിർത്തിവരെ പൊലീസ് എത്തുകയും ചെയ്തിരുന്നു. രാജ്യം വിട്ടതിനാൽ ഇനി ഇവരെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്.