missing-case

തിരുവനന്തപുരം: വീട് വിട്ടിറങ്ങിയത് ഉൾപ്പെടെ സംസ്ഥാനത്ത് കാണാതാവുന്നവരുടെ എണ്ണം പെരുകുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം ഇതിലുണ്ട്. സ്ത്രീകളും പെൺകുട്ടികളും കാണാതായവരുടെ പട്ടികയിലുണ്ട്. കിട്ടുന്ന പരാതികളിൽ പൊലീസ്, അന്വേഷണം നടത്തി ചിലരെ കണ്ടെത്താറുണ്ടെങ്കിലും നിരവധിപേർ ഇപ്പോഴും കാണാമറയത്തുതന്നെ.

നഗര പ്രദേശങ്ങളെക്കാൾ ഗ്രാമീണ മേഖലകളിലാണ് കാണാതാവുന്ന സംഭവങ്ങൾ ഏറെയും. സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളും കൂട്ടത്തിലുണ്ട്. വർഷങ്ങളും മാസങ്ങളുമായി അന്വേഷണം നടത്തുന്ന കേസുകളുമുണ്ട്.

പത്തനംതിട്ട സ്വദേശിയും ബിരുദ വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജയിംസിന്റെ തിരോധാനം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ മാർച്ച് 20 മുതലാണ് ജസ്നയെ കാണാതായത്. ഊർജിതമായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കേരളത്തിനകത്തും പുറത്തുമൊക്കെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുപോലെ നിരവധി കേസുകളാണ് സംസ്ഥാനത്തുള്ളത്. ചില കേസുകളിലാകട്ടെ പൊലീസ് അന്വേഷണം നിലച്ച മട്ടാണ്.

പൊലീസ് മേധാവിയുടെ സർക്കുലർ

ആളുകളെ കാണാതാവുന്ന സംഭവങ്ങളിൽ 24 മണിക്കൂറിനകം നിർണായകമായ വിവരങ്ങൾ ശേഖരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും കണ്ടെത്താൻ ഒരു സംഘത്തെയും പുരുഷൻമാരെയും ആൺകുട്ടികളെയും കണ്ടെത്താൻ മറ്റൊരു സംഘത്തെയും ഡി.ജി.പി നിയോഗിച്ചിട്ടുണ്ട്. റെയിൽവേ പൊലീസ് എസ്.പി മെറിൻ ജോസഫ്, കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് എന്നിവർക്കാണ് യഥാക്രമം സംഘങ്ങളുടെ ചുമതല. ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, സ്‌പെഷ്യൽ സെൽ എസ്.പി എന്നിവരാണ് അന്വേഷണ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത്. പുതിയ കേസുകൾ ലോക്കൽ പൊലീസ് അന്വേഷിക്കുന്നതിനാൽ 2011 മുതൽ 2016 വരെയുള്ള കേസുകളാണ് ഇരുസംഘങ്ങളും അന്വേഷിക്കുന്നത്.


കണ്ടെത്താനുള്ളവർ 2995 കേസുകളിലായി 3592


(2011 ജനുവരി ഒന്ന് മുതൽ 2018 സെ്ര്രപംബർ 30 വരെ)

പുരുഷൻമാർ 2661

സ്ത്രീകൾ 931

ഏറ്റവും കൂടുതൽ തിരു.റൂറൽ 559

അന്വേഷണം നടക്കുന്നത് 1595, നിലച്ചത് 1400

അന്വേഷണം ഊർജിതം

കാണാതായവരെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട പൊലീസ് സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെറിൻ ജോസഫ്, എസ്.പി, റെയിൽവേ പൊലീസ്

തുമ്പൊന്നും കിട്ടാതെ
ജസ്നയെ കണ്ടെത്താൻ അന്വേഷണം തുടരവേ കൊല്ലത്ത് നിന്ന് കാണാതായ മറ്റൊരു പെൺകുട്ടിയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഴ് വർഷം മുൻപ് പത്തനംതിട്ട ഗവിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. ഏതാനും വർഷങ്ങൾക്ക് മുൻപ് കോന്നി സ്വദേശിയായ യുവാവിനെയും കാണാതായിരുന്നു.