amala-paul

ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ തരംഗമായ മീ ടു വെളിപ്പെടുത്തലിൽ പങ്ക് ചേർന്ന് തെന്നിന്ത്യൻ - മലയാള നടി അമലാ പോളും. തമിഴ് സംവിധായിക ലീന മണിമേഖല സംവിധായകൻ സൂസി ഗണേശനെതിരെ നടത്തിയ വെളിപ്പെടുത്തലുകളെയാണ് അമല പോൾ ശരിവച്ചിരിക്കുന്നത്. സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2 എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചപ്പോൾ തനിക്കുണ്ടായ അനുഭവങ്ങളാണ് അമല തുറന്ന് പറഞ്ഞിരിക്കുന്നത്.

അശ്ലീല ചുവയോടെയുള്ള വർത്തമാനങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും ​സൂസി ഗണേശൻ നടത്തിയിരുന്നു. അകാരണമായി ദേഹത്ത് സ്പർശിക്കുകയും ചെയ്തു. സ്ത്രീകളെ തീരെ ബഹുമാനിക്കാത്ത ആളാണ് സുസി ഗണേശൻ. താൻ ലീന മണിമേഖലയെ പൂർണമായി പിന്തുണയ്ക്കുകയാണെന്നും ലീന പറഞ്ഞകാര്യങ്ങൾ തനിക്ക് മനസിലാക്കാൻ കഴിയുമെന്നും അമല പറയുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് വളരെയേറെ മാനസികവേദന ഏൽക്കേണ്ടി വന്നുവെന്നും അമല പറഞ്ഞു.

2005ൽ ചാനൽ അഭിമുഖത്തിന് ശേഷം വീട്ടിൽ പോകുന്നതിനിടെയാണ് ഗണേശൻ മോശമായി പെരുമാറിയതെന്നായിരുന്നു ലീനയുടെ വെളിപ്പെടുത്തൽ. സമൂഹത്തിന് മുന്നിൽ അത് തുറന്ന് പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്നും അമല അഭിപ്രായപ്പെട്ടു. ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസി ഗണേശനെന്നും ഇത്തരക്കാർ ഭാര്യയെയും മകളെയും ഒരു രീതിയിലും ലൊക്കേഷനിലുള്ളവരെ മറ്റൊരു രീതിയിലുമാണ് കാണുന്നതെന്നും പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണതകൾ മൂലമാണ് സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ കഴിയാതെ വരുന്നതെന്നും അമല പറഞ്ഞു. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകാറുണ്ട്. 2015ൽ സുസി ഗണേശന്റെ പേര് വെളിപ്പെടുത്താതെ തന്റെ അനുഭവം ലീന വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി യുടെ വാർത്താ സമ്മേളനം കണ്ടതോടെയാണ് പേര് വെളിപ്പെടുത്താനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞിരുന്നു.