വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ സമനിലയിൽ പിടിച്ച് വിൻഡീസ്. ഇന്ത്യ ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡിസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ച്വറി നേടിയ ഷെയ്‌ഹോപിന്റെയും (123), അർദ്ധസെഞ്ച്വറി നേടിയ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഹെട്മെയറും (94) ആണ് വിൻഡീസിന് വിജയത്തിനൊത്തെ സമനില നേടിക്കൊടുത്തത്. ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് മാത്രമാണ് ബൗളിംഗിൽ തിളങ്ങിയുള്ളൂ.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതുപോലെ ഒരു തുടക്കമായിരുന്നില്ല ലഭിച്ചത്. പത്തോവർ തികയുന്നതിനുമുമ്പ് ഓപ്പണർമാരായ ശിഖർ ധവാനെയും (29), രോഹിത്ശർമ്മയെയും (4) നഷ്ടപ്പെടേണ്ടി വന്നു. നാലാം ഓവറിൽ ടീം സ്കോർ 15ൽ നിൽക്കേ കെമർറോഷിന്റെ പന്തിൽ ഹെട്മെയർക്ക് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. 30 പന്തുകളിൽ നാല് ഫോറും ഒരുസിക്സും പായിച്ച ധവാൻ ഒൻപതാം ഓവറിൽ ആഷ്‌ലി നഴ്സിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങുകയായിരുന്നു.
രോഹിതിന് പകരക്കാരനായി ക്രീസിലെത്തിയ വിരാട് അവസാനം വരെ അടിച്ചുപൊളിച്ചു കളിച്ചതിനാലാണ് ഇന്ത്യയ്ക്ക് 300 നുമേൽ സ്കോർ ചെയ്യാനായത്. തുടക്കത്തിലെ ആലസ്യത്തിനുശേഷം ഇന്ത്യയെ കത്തിച്ചുവിട്ടത് കൊഹ്‌ലിയും അമ്പാട്ടിറായ്ഡുവും (73) ചേർന്നാണ്. മൂന്നാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത് 139 റൺസാണ്. 80 പന്തുകളിൽ 8 ബൗണ്ടറികളടിച്ച അമ്പാട്ടി 33-ാം ഓവറിലാണ് മടങ്ങിയത്. തുടർന്ന് ധോണിയെ (20) സാക്ഷി നിറുത്തി കൊഹ്‌ലി 81 റൺസിലെത്തി 10000 ക്ളബിൽ അംഗമായി. നേരിട്ട 91-ാമത്തെ പന്തിലാണ് കൊഹ്‌ലി നാഴികക്കല്ല് താണ്ടിയത്.
ഇന്ത്യ 222 ലെത്തിയപ്പോൾ ധോണിയെ നഷ്ടമായി. മക്‌കോയ്‌യുടെ പന്തിൽ മുൻ ഇന്ത്യൻ നായകൻ ക്ളീൻ ബൗൾഡാവുകയായിരുന്നു. തുടർന്ന് ഋഷദ് പന്ത് (17) എൽ.ബിയിൽ കുരുങ്ങി മടങ്ങിയപ്പോൾ ഇന്ത്യ 248/5 എന്ന സ്കോറിലെത്തി. തുടർന്നിറങ്ങിയ ജഡേജയെ സാക്ഷി നിറുത്തിയാണ് കൊഹ്‌ലി 37-ാം ഏകദിന സെഞ്ച്വറി തികച്ചത്. 49-ാം ഓവറിൽ ജഡേജയും (13) പുറത്തായി. 129 പന്തുകളിൽ 13 ബൗണ്ടറികളും നാല് സിക്സുകളുമാണ് കൊഹ്‌ലി പായിച്ചത്.