തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി.തമിഴ്നാട് വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടുന്നത്. രാജപാളയത്ത് ജേക്കബ് തോമസ് 50 ഏക്കർ ഭൂമി വാങ്ങിയെന്നും ഇതു സ്വത്ത് വിവരത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.ബിനാമി പേരിൽ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
2001ൽ രണ്ട് ഘട്ടമായി 33 പേരിൽ നിന്നാണ് ജേക്കബ് തോമസ് സ്വന്തം പേരിൽ ഭൂമി വാങ്ങിയത്. 2002, 2003 വർഷങ്ങളിൽ അദ്ദേഹം സർക്കാരിനു നൽകിയ സ്വത്തുവിവര സത്യവാങ്മൂലത്തിൽ ഇതുണ്ട്. ഭാര്യ ഡെയ്സിയുടെ പേരിലാണ് ഭൂമിയെന്നാണ് 2003ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇതു രേഖപ്പെടുത്തിയിട്ടില്ല.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സർവീസ് കോൺടക്ട് റൂൾസ് 16 (2) പ്രകാരം സ്വത്തുവിവരം നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് ചട്ടം. രജിസ്‌ട്രേഷൻ രേഖകളിൽ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി. രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടറാണ്. എന്നാൽ, കമ്പനി കേന്ദ്ര സർക്കാരിനു സമർപ്പിച്ച രേഖകളിൽ ബേബി തോമസ്, ലെവിൻ തോമസ് എന്നിവരാണു ഡയറക്ടർമാർ. ഇതേ വിലാസത്തിൽ ഒരു ടൂർ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂർ കമ്പനിയുമായുള്ള ബന്ധം മുമ്പ് വിജിലൻസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല.
ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സർക്കാരിന് സമർപ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്. കർണാടകയിലെ കുടകിൽ ഭാര്യയുടെ പേരിലുള്ള 151 ഏക്കർ ഭൂമിയുടെ കാര്യവും ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്.