ഒരു നടിയോട് ഒരാൾ മെസഞ്ചറിൽ പറഞ്ഞ വാചകമാണിത്. നടിയായതു കൊണ്ടു തന്നെ ആർക്കും എന്തും പറയാമെന്ന ചിലരുടെ ദാർഷ്ട്യമാണ് എത്ര മീ ടു ക്യാമ്പെയിനുകൾ വന്നാലും വീണ്ടും വീണ്ടും ഇത്തരം മോശം പ്രവൃത്തികൾ ഉണ്ടാകുന്നത്. ഇക്കുറി നടി അൻസിബയാണ് അത്തരം മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. അൻസിബയുടെ നഗ്നചിത്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇയാൾ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത്, ഒപ്പം പണം നൽകാമെന്ന വാഗ്ദാനവും. ഈ രാജ്യത്തെ നിയമത്തിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ധാർഷ്ട്യമാണ് ഇത്തരക്കാരെ വളർത്തുന്നതെന്ന് പറയുകയാണ് അൻസിബ. ഇൻസ്റ്റാഗ്രാമിലൂടെയാണ് അയാൾ അൻസിബയോട് മോശമായി പെരുമാറിയത്.
എന്റെ പേഴ്സണൽ അക്കൗണ്ടിൽ ഒരാൾ കമന്റ് ഇട്ടിരിക്കുകയാണ് ഇൻബോക്സ് നോക്കൂ എന്ന്. അങ്ങനെ ആണ് ഞാൻ ഇൻബോക്സ് നോക്കുന്നത്. അതിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ റിക്ക്വസ്റ്റ് വരുമല്ലോ. അത് തുറന്ന് നോക്കിയപ്പോൾ അതിൽ എന്റെ നഗ്നചിത്രമാണ് അയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്നചിത്രം കൊടുത്താൽ പണം നൽകാമെന്നാണ് അയാളുടെ സന്ദേശം. ഇതിന് ഞാൻ അയാളുടെ കമന്റിന് താഴെ തന്നെ മറുപടി നൽകി. വ്യാജ അക്കൗണ്ടിൽ നിന്ന് ഇത്തരം വൃത്തികെട്ട സന്ദേശങ്ങൾ അയച്ചാൽ ആർക്കും മനസിലാകില്ലെന്നാണോ കരുതിയിരിക്കുന്നത് ഇന്നത്തെ ടെക്‌നോളജി വലുതാണ് നിങ്ങളുടെ അറിവിന് മീതെയാണ് ടെക്‌നോളജിയുടെ പവർ എന്ന്. അതിന് അയാൾ മറുപടി നൽകിയത് ഇത് വ്യാജ അക്കൗണ്ട് അല്ല എന്നാണ്. അജീഷ് ജാക്കി എന്ന അക്കൗണ്ടിൽ നിന്നാണ് ഈ മെസ്സേജൊക്കെ വന്നിരിക്കുന്നത് എന്നും അൻസിബ പറയുന്നു. ഇതിനൊരു മാറ്റം വരുത്താൻ പറ്റുമെന്നൊന്നും തോന്നുന്നില്ല. എന്റെ പേരിൽ നിറയെ വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നു ഒരു രണ്ട് വർഷം മുൻപ് വരെ. കുറെ പോൺ വിഡിയോസും അശ്ലീല ചിത്രങ്ങളും ഒക്കെ ആണ് അതിൽ ഉണ്ടായിരുന്നത്. അവസാനം സഹികെട്ട് സൈബർ സെല്ലിൽ പരാതി നല്കി. കുറെ ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്നാലും ഇപ്പോഴും ഉണ്ട് ഞാനറിയാത്ത ട്വിറ്റർ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെന്നും അൻസിബ പറയുന്നു.