lulu
എം.എ. യൂസഫലി

 സൗദിയിൽ ലുലു ഗ്രൂപ്പ് 100 കോടി റിയാൽ കൂടി നിക്ഷേപിക്കും

റിയാദ്: സൗദി അറേബ്യയിൽ 2020നകം 100 കോടി റിയാൽ നിക്ഷേപിച്ച് 15 ഹൈപ്പർ മാർക്കറ്റുകൾ കൂടി ലുലു ഗ്രൂപ്പ് തുറക്കും. ഇതോടെ ലുലു ഗ്രൂപ്പിന്റെ സൗദിയിലെ മൊത്തം നിക്ഷേപം 200 കോടി റിയാലാകും. നിലവിൽ 14 ഹൈപ്പർ മാർക്കറ്റുകൾ ലുലുവിന് സൗദിയിലുണ്ട്. ഇതിന് പുറമേ, 20 കോടി റിയാൽ നിക്ഷേപവുമായി കിംഗ് അബ്‌ദുള്ള എക്കണോമിക് സിറ്റിയിൽ അത്യാധുനിക ലോജിസ്‌റ്റിക്‌സ് സെന്റർ തുടങ്ങാനും പദ്ധതിയുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

സൗദി വിഷൻ 2030ന്റെ ഭാഗമായി റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് എം.എ. യൂസഫലി ഇക്കാര്യം അറിയിച്ചത്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ സാന്നിദ്ധ്യം വിപുലമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കനും ലോജിസ്‌റ്റിക്‌സ് സെന്റർ സഹായകമാകും. സൗദിവത്കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ 40 ശതമാനവും ഇപ്പോൾ സൗദി പൗരന്മാരാണ്. വരും വർഷങ്ങളിൽ കൂടുതൽ സൗദി പൗരന്മാരെ നിയമിക്കുമെന്നും യൂസഫലി പറഞ്ഞു.