ranveer-dipika

മുംബയ്: രൺവീർ സിംഗ്-ദീപികാ പദുകോൺ താരവിവാഹത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം കുറച്ചായി. അല്പം വൈകിയെങ്കിലും വിവാഹാഘോഷങ്ങൾ പൊടിപൊടിക്കാൻ തന്നെയാണ് താരങ്ങളുടെ തീരുമാനം. നവംബർ 14,15 തീയതികളിലായി വിവാഹം നടക്കുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഇറ്റലിയിലാകും വിവാഹ ചടങ്ങുകൾ നടക്കുക. രണ്ട് വ്യത്യസ്ത ചടങ്ങുകൾ, സംഗീത്, വിരുന്ന് സത്കാരം എന്നിങ്ങനെയാണ് ആഘോഷ പരിപാടികൾ. നവംബർ 13ന് നടക്കുന്ന 'സംഗീത്" ചടങ്ങുകളോടെ വിവാഹാഘോഷങ്ങൾ തുടങ്ങും. തുടർന്ന് 14ന് കന്നഡ ആചാരപ്രകാരം രൺവീ‌ർ ദീപികയുടെ കഴുത്തിൽ താലി ചാർത്തും. 15-ാം തീയതി വടക്കേ ഇന്ത്യൻ ആചാരപ്രകാരം ഇരുവരും വീണ്ടും വിവാഹിതരാകും.

കർണാടക സ്വദേശിയായ ദീപികയുടെയും സിന്ധി-പഞ്ചാബി കുടുംബത്തിൽ നിന്നുള്ള രൺവീറിന്റെയും കുടുംബങ്ങൾ തമ്മിൽ തീരുമാനിച്ചുറപ്പിച്ചതാണ് ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങിൽ സിനിമാ ലോകത്തു നിന്നു ആരും എത്താൻ സാദ്ധ്യതയില്ലെന്നാണ് വിവരം. സുഹൃത്തുക്കൾക്കായി മുംബയിലെ ഗ്രാൻഡ് ഹയാത് ഹോട്ടലിൽ ഡിസംബർ ഒന്നിന് വിവാഹ സത്കാരം നടക്കും.