ചെന്നൈ: പ്രമുഖ നാടക പ്രവർത്തകനും നാടക ലോകത്ത് നവതരംഗത്തിന് തുടക്കമിട്ട 'കൂത്ത്-പി-പട്ടറൈ" സംഘത്തിന്റെ സ്ഥാപകനുമായ നാ മുത്തുസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. പരമ്പരാഗത നാടോടി നാടകത്തെ കുറിച്ചുള്ള വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് 1977ൽ അദ്ദേഹം കൂത്ത്-പി-പട്ടറൈ സംഘത്തിന് രൂപം നൽകിയത്. 1999ൽ സംഗീതനാടക അക്കാഡമി പുരസ്കാരം നേടി. 2012ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു
1970കളുടെ തുടക്കത്തിലെ 'തെരുക്കൂത്ത്" നാടകങ്ങളാണ് മുത്തുസ്വാമിയെ ഏറെ സ്വാധീനിച്ചത്. നാടോടി നാടക സങ്കേതങ്ങളെ ആയോധന കലയോടും നവീന ആശയങ്ങളോടൊപ്പം സംയോജിപ്പിച്ചുകൊണ്ടാണ് സമകാലീന വിഷയങ്ങളെ അദ്ദേഹം പ്രേക്ഷകരിലെത്തിച്ചത്. പ്രശസ്ത തമിഴ് ചലച്ചിത്ര താരങ്ങളായ പശുപതി, വിജയ് സേതുപതി, ഗുരു സോമസുന്ദരം എന്നിവരെല്ലാം മുത്തുസ്വാമിയുടെ കൂത്ത്-പി-പട്ടറൈയുടെ ഭാഗമായിരുന്നു.