കൊല്ലം: പുരുഷനും സ്ത്രീക്കും തുല്യ ആരാധനാ സ്വാതന്ത്ര്യമാണെന്നാണ് എൽ.ഡി.എഫ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ സർക്കാർ ഒരു ഘട്ടത്തിലും പ്രത്യേക നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സത്രീകൾ മുമ്പും ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ട് എന്നതിന് പ്രധാന സാക്ഷി മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കുമ്മനം രാജേശഖരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നു എന്ന് പറഞ്ഞാണ് അന്ന് കുമ്മനം രാജശേഖരൻ ഒരു കത്ത് ഹെെക്കോടതി ജഡ്‌ജിക്ക് അയച്ചത്. ആ കത്ത് പൊതുതാത്പര്യ ഹർജിയായി ഹെെക്കോടതി പരിഗണിച്ചു. കുമ്മനം രാജശേഖരൻ ശബരിമല തന്ത്രിക്കും, തിരിച്ച് തന്ത്രി കുമ്മനം രാജശേഖരനും അയച്ച കത്തുമെല്ലാം കോടതിയുടെ മുന്നിലെത്തി. തന്ത്രിക്കയച്ച കത്തിൽ പറഞ്ഞ കാര്യം ഇവിടെ സ്ത്രീകൾ ധാരാളമായി വരുന്നു, വിവാഹങ്ങൾ നടക്കുന്നു, സിനിമാ ഷൂട്ടിംഗ് നടക്കുന്നു എന്നൊക്കെ ആയിരുന്നു"- പിണറായി പറഞ്ഞു. സ്ത്രീകൾ ഒരു തടസവുമില്ലാതെ ശബരിമലയിൽ പ്രവേശിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ആർ.എസ്.എസിന് പ്രത്യേക അജണ്ടയുണ്ടെന്നും കേരളത്തിലെ മതേതരത്വം തകർക്കാൻ പല ശ്രമങ്ങളും ആർ.എസ്.എസ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.