വാഷിംഗ്ടൺ: അറബ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക അറിയിച്ചു. 21 പേരുടെ വിസയാണ് യു.എസ് വിദേശകാര്യ വകുപ്പ് റദ്ദാക്കാനൊരുങ്ങുന്നത്. ഭാവിയിൽ ഇവർക്ക് വിസ ലഭിക്കാനുള്ള അവസരങ്ങളും ഇല്ലാതാവുമെന്നാണ് റിപ്പോർട്ട്. ഖഷോഗി സൗദിയുടെ ഈസ്താംബുൾ കോൺസുലേറ്രിൽ വച്ച് കൊല്ലപ്പെട്ടെന്ന സൗദി ഭരണകൂടത്തിന്റെ കുറ്റസമ്മതം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.
ഖഷോഗി വധത്തിൽ എല്ലാ തെളിവുകളും യു.എസ് പരിശോധിക്കുെമെന്ന് യു.എസ് സ്റ്രേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇത് അവസാന വാക്കല്ലെന്നും പോംപിയോ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഖഷോഗി വധത്തിൽ സൗദി നൽകുന്ന വിശദീകരണത്തിൽ താൻ തൃപ്തനല്ലെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
പ്രതികളെ തിരിച്ചറിഞ്ഞു
ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ചിലരെ തിരിച്ചറിഞ്ഞതായി അമേരിക്ക അറിയിച്ചു. ഇന്റലിജൻസ് സർവീസ്, റോയൽ കോർട്ട്, സൗദി വിദേശകാര്യ മന്ത്രാലയം, മന്ത്രിമാർ എന്നിവരാണ് കൊലയ്ക്കു പിന്നിലെന്നാണ് യു.എസ് അനുമാനം.