2020 ഏപ്രിൽ മുതൽ ബി.എസ്-4 വാഹനങ്ങൾ വില്‌ക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് ഭാരത് സ്‌റ്റേജ് (ബി.എസ്) - 4 ചട്ടം അനുശാസിക്കുന്ന വാഹനങ്ങളുടെ വില്‌പന 2020 ഏപ്രിൽ ഒന്നിനകം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമാണ് ഭാരത് സ്‌റ്രേജ്. അന്താരാഷ്‌ട്ര തലത്തിൽ നിലവിലുള്ള യൂറോ സ്‌റ്രാൻഡേർഡിന് തുല്യമായ 'ഇന്ത്യൻ' ചട്ടമാണിത്.
ബി.എസ്-4ൽ നിന്ന് നേരിട്ട് ബി.എസ്-6ലേക്ക് 2020 ഏപ്രിലോടെ ഇന്ത്യ മാറുമെന്ന് കേന്ദ്രസർക്കാർ 2016ൽ വ്യക്തമാക്കിയിരുന്നു. ബി.എസ്-5ലേക്ക് ഇന്ത്യ കടക്കില്ല. 2017 ഏപ്രിലിലാണ് ഇന്ത്യ ബി.എസ്-4ലേക്ക് ചുവടുവച്ചത്. ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്ക് അതിവേഗം കടക്കാനുള്ള കേന്ദ്ര നിർദേശത്തിനെതിരെ വാഹന നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇന്നലെ ജസ്‌റ്രിസ് മദൻ ബി. ലോകൂർ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
ബി.എസ്-6ലേക്ക് മാറാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ബി.എസ്-4 വാഹനങ്ങൾ നിർമ്മിക്കാൻ 2020 മാർച്ച് 31വരെ കേന്ദ്ര സർക്കാർ സമയം അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ട്, ഈ എൻജിൻ ശ്രേണിയിലെ വാഹനങ്ങൾ വിറ്റഴിക്കാൻ കൂടുതൽ സമയം വേണമെന്നും വാഹന നിർമ്മാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്. നഡ്‌കർണി, ബി.എസ്-4 വാഹനങ്ങൾ വില്‌ക്കാൻ നിർമ്മാതാക്കൾക്ക് മൂന്നു മുതൽ ആറുമാസം വരെ അധികസമയം നൽകാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി.
ബി.എസ്-4 അധിഷ്‌ഠിത നാലുചക്ര വാഹനങ്ങൾക്ക് 2020 ജൂൺ വരെയും ഹെവി വാഹനങ്ങൾക്ക് സെപ്‌തംബർ 30 വരെയും സമയം അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, വിഷയത്തിൽ കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി അപരാജിത സിംഗ്, സർക്കാർ നീക്കത്തെ ശക്തമായി എതിർത്തു. തുടർന്നാണ്, ശുദ്ധമായ ഇന്ധനത്തിലേക്ക് രാജ്യം നീങ്ങേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടത്.
ഭാരത് സ്‌റ്രേജ്
മോട്ടോർ വാഹനങ്ങൾ പുറന്തള്ളുന്ന പുകയിലൂടെ അന്തരീക്ഷം മലിനമാകുന്നത് നിയന്ത്രിക്കാനായി യൂറോപ്യൻ ചട്ടങ്ങൾക്ക് അനുസൃതമായി 2000ലാണ് കേന്ദ്ര സർക്കാർ ഭാരത് സ്‌റ്റേജ് ചട്ടങ്ങൾ നടപ്പാക്കിയത്. 2010 ഒക്‌ടോബറിൽ ബി.എസ്-3, 2017 ഏപ്രിലിൽ ബി.എസ്-4 ചട്ടങ്ങൾ നിലവിൽ വന്നു. ബി.എസ്-4ൽ നിന്ന് ബി.എസ്-6ലേക്ക് നേരിട്ട് കടക്കുമെന്ന് 2016ലാണ് സർക്കാർ പ്രഖ്യാപിച്ചത്.