ബാഴ്സലോണ: ബാഴ്സലോണയിൽ നിന്ന് ലണ്ടനിലേക്ക് പറക്കാൻ തയ്യാറായി നിന്ന റയാൻ എയർ വിമാനത്തിൽ കറുത്ത വംശജയും വികംലാംഗയുമായ വൃദ്ധ യാത്രക്കാരിക്ക് നേരെയുണ്ടായ വംശീയ അധിക്ഷേപത്തിൽ നടപടിയെടുക്കുത്താതിൽ പ്രതിഷേധം വ്യാപകമാകുന്നു.
ജമൈക്കയിൽ നിന്നും ബ്രിട്ടനിലേക്ക് കുടയേറിയ ടെൽസീ ഗെയിൽ എന്ന സ്ത്രീയ്ക്കാണ് ഭർത്താവിന്റെ ചരമവാർഷിക ദിനം ആചരിച്ചതിന് ശേഷം അവധികഴിഞ്ഞ് മടങ്ങുന്പോൾ ഈ ദുരനുഭവമുണ്ടായത്. വിമാനം പുറപ്പെടാൻ തുടങ്ങവേ ഗെയിലിനോട് മദ്ധ്യവയസ്‌കനായ വെള്ളക്കാരൻ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. 'നീ എന്റെ സീറ്റിനടുത്താണോ ഇരിക്കുന്നത്.... ഇറങ്ങിപ്പോകൂ..' എന്ന് പറഞ്ഞ് ശബ്ദമെടുക്കുകയും യെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വൃദ്ധയുടെ മകൾ അവിടേക്ക് വന്നു. തന്റെ അമ്മയാണെന്നും രോഗിയാണെന്നും ഇങ്ങനെ ഒച്ചയെടുത്ത് സംസാരിക്കരുതെന്നും മകൾ പറഞ്ഞു. എന്നാൽ അയാൾ ചെവിക്കൊണ്ടില്ല. പിന്നേയും അധിക്ഷേപം തുടർന്നു.
''ഈ സീറ്റിൽ വേറെ ആരെങ്കിലും ഇരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്''. കറുത്തവർഗക്കാരിക്കും അയാൾക്കും നടുവിലുള്ള സീറ്റ് ചൂണ്ടി അയാൾ പറഞ്ഞു. 'നീ എന്റെ കൂടെ ഇരിക്കരുത്'... ഇവിടെ നിന്നും മാറിയിരുന്നില്ലെങ്കിൽ ഞാൻ തന്നെ തൂക്കിയെടുത്ത് അപ്പുറത്തിരുത്തും. ഇത് കേട്ട് പ്രതികരിച്ച സ്ത്രീയെ വീണ്ടും വംശീയമായി ആക്രമിച്ചു. വ്യത്തികെട്ടവൾ, തടിച്ചി, രോഗി, തന്തയില്ലാത്തവൾ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. വിമാനത്തിലുണ്ടായിരുന്ന ഒരു യുവാവ് മാത്രമാണ് ഇതിനെതിരെ പ്രതികരിച്ചത്.
ഡേവിഡ് ലോറൻസ് എന്നയാൾ സംഭവം കാമറയിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറംലോകം ഇതേക്കുറിച്ച് അറിഞ്ഞത്. യൂ ട്യൂബിലും ട്വിറ്ററിലും വീഡിയോ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. ഇതുവരെ 60 ലക്ഷം പേർ ഈ വീഡിയോ കണ്ടിട്ടുണ്ട്. വംശീയാധിക്ഷേപം നടത്തിയയാളെ വിമാനത്തിൽ നിന്ന് ഇറക്കി വിടാനോ പൊലീസിനെ വിളിക്കാനോ അധികൃതർ തയ്യാറാകാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.