rahul-eswar-kn-ganesh

കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ ക്ഷേത്രത്തിൽ രക്തം വീഴ്‌ത്തി നടയടപ്പിക്കാനുള്ള ആസൂത്രണം ഉണ്ടായിരുന്നുവെന്ന രാഹുൽ ഈശ്വറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചരിത്രകാരനും അദ്ധ്യാപകനുമായി കെ.എൻ ഗണേഷ്. ബ്രാഹ്മണ തന്ത്രപ്രകാരം രക്തം മാത്രമല്ല, മുടിയും നഖവും കഫവുമെല്ലാം അശുദ്ധിയാണെന്നും അതിന് തന്ത്രി ശുദ്ധികലശമാണ് ചെയ്യേണ്ടത് അല്ലാതെ നടയടയ്‌ക്കുകയല്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

തന്ത്രിക്ക് നടയടയ്ക്കാനുള്ള അധികാരമില്ലെന്നും നിർദ്ദേശിക്കാനുള്ള ഉത്തരവാദിത്വം മാത്രമാണ് ഉള്ളതെന്നും ഗണേഷ് വ്യക്തമാക്കി. പ്രശ്നങ്ങൾ മനസിലാക്കി ഗൗരവം പരിശോധിച്ച് ഇന്നയിന്ന ക്രിയകൾ നടത്താമെന്ന് തന്ത്രിക്ക് നിർദ്ദേശിക്കാം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് ക്ഷേത്ര യോഗമോ ദേവസ്വമോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ബ്രാഹ്മണ തന്ത്രപ്രകാരം ചോര മാത്രമല്ല ഛർദ്ദി, നഖം, മുടി, ചലം, വിയർപ്പ്, കണ്ണീർ, ശുക്ലം എന്നിവയെല്ലാം അശുദ്ധിയാണ്. മുടി കൊഴിഞ്ഞാലും, കണ്ണീർ വീണാലും അശുദ്ധിയാണ്. എന്ന് കരുതി മുടി കൊഴിയുമ്പോഴേക്കും സാധാരണ നടയടക്കാറില്ല. പുണ്യാഹം തളിക്കേണ്ട വിധിപ്രകാരം പുണ്യാഹം തളിച്ചാൽ മാത്രം മതി. മാത്രമല്ല അശുദ്ധി ബിംബത്തെ ബാധിക്കുമെങ്കിൽ മാത്രമാണ് ശുദ്ധി കലശം ചെയ്യേണ്ടി വരുന്നത്. വിരലുമുറിച്ചാൽ നടയടക്കേണ്ട ആവശ്യം തന്ത്രവിധി പ്രകാരം വരുന്നില്ല", കെ എൻ ഗണേഷ് പറഞ്ഞു.