തിരുവനന്തപുരം: ശബരിമല വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാറിനെ സർക്കാർ ഒറ്റപ്പെടുത്തുകയാണെന്ന് ആരോപണം. സി.പി.ഐ പ്രതിനിധിയായ മെമ്പർ ശങ്കർദാസിനെ മുൻനിറുത്തി ബോർഡ് പ്രസിഡന്റിന്റെ നീക്കളെല്ലാം നിഷ്‌ഫലമാക്കുയാണ് സർക്കാരെന്ന് ദേവസ്വം ബോർഡിലെ ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.
തന്ത്രി ഒരു ജീവനക്കാരൻ മാത്രമാണെന്നും, അവരെ പുറത്താക്കാനുള്ള അധികാരം ദേവസ്വം ബോർഡിനുണ്ടെന്നും ശങ്കർദാസ് പ്രതികരിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യുഹർജി നൽകാൻ ബോർഡ് ഒരുക്കമല്ലെന്നും ശങ്കർദാസ് വ്യക്തമാക്കുകയുണ്ടായി.
എന്നാൽ ഇക്കാര്യത്തിൽ വിശ്വാസികൾക്കനുകൂലമായ നിലപാടാണ് പദ്‌മകുമാർ സ്വീകരിച്ചിരുന്നത്. ഇതിൽ മുഖ്യമന്ത്രി നീരസവും പ്രകടിപ്പിച്ചിരുന്നു. വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ പലവട്ടം പദ്‌മകുമാർ ശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ തനിക്ക് താൽപര്യമില്ലെന്ന് ബന്ധപ്പെട്ടവരോട് പദ്‌മകുമാർ പറഞ്ഞതായും സൂചനയുണ്ട്.