obama-clinton

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ക്ലിന്റണിന്റെ ഭാര്യയും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റൺ എന്നിവർക്കും സി.എൻ.എൻ ടെലിവിഷൻ ചാനലിനും പാഴ്സൽ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി.

ക്ലിന്റൺ, ഒബാമ, ഹിലാരി എന്നിവരുടെ പേരിൽ അയച്ച പാഴ്സലുകൾ വീടുകളിൽ എത്തുംമുൻപ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തുകയായിരുന്നു. ഹിലാരിയുടെ പേരിലുള്ള പാഴ്സൽ മൻഹാട്ടനിലെ വെസ്റ്റ്ചെസ്റ്ററിൽ 23നും ഒബാമയ്ക്കുള്ള പാഴ്സൽ വാഷിംഗ്ടണിൽ 24നുമാണ് കണ്ടെത്തിയത്.കോടീശ്വരനായ ലിബറൽ നേതാവ് ജോർജ് സോറോസിന് അയച്ച സ്ഫോടക വസ്‌തുവും കണ്ടെത്തി.പ്രധാന നേതാക്കളുടെ വിലാസത്തിലേക്കെത്തുന്ന പാഴ്‌സലുകൾ പതിവുപോലെ പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ രഹസ്യാന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

സി. എൻ. എന്നിന്റെ ന്യൂയോർക്ക് ബ്യൂറോയുടെ മെയിൽ റൂമിൽ ഇന്നലെ രാവിലെ സ്ഫോടക വസ്തു അടങ്ങിയ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. പാഴ്‌സൽ കണ്ടെത്തുമ്പോൾ സി.എൻ. എൻ ലൈവ് ബുള്ളറ്റിൻ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. പൊടുന്നനെ അഗ്നി അപായ സൈറൻ മുഴങ്ങിയതെനെ തുടർന്ന് സംപ്രേക്ഷണം തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇലക്‌ട്രിക് വയറുകളും പൈപ്പുകളും കണ്ടെത്തിയ പാഴ്സൽ ബോംബായിരുന്നു എന്ന് സി. എൻ. എൻ റിപ്പോർട്ട് ചെയ്‌തു.ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള പൊലീസ് സംഘം ബ്യൂറോ പ്രവർത്തിക്കുന്ന ടൈം വാർണർ സെന്റർ സമുച്ചയത്തിൽ എത്തി. എച്ച്. ബി. ഒ, ടർണർ നെറ്റ്‌വർക്ക്സ് തുടങ്ങിയ വേറെയും മാദ്ധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ വാർണർ ബ്രദേഴ്സിന്റെ മാതൃസ്ഥാപനമായ വാർണർ മീഡിയയുടെ ആസ്ഥാനമാണ് മന്ദിരം.