sabarimala

പത്തനംതിട്ട:ശബരിമലയിൽ സംഘർഷമുണ്ടാക്കിയവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. സംഘർഷത്തിൽ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ്ആൽബം രൂപത്തിൽ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ വിവിധ ജില്ലകളിലേക്ക് അയച്ച് നൽകിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് വാഹനങ്ങൾ എന്നിവ തല്ലിതകർത്തതിലും ഇവർ പ്രതികളാണ്.

പേരോ മേൽവിലാസമോ സംബന്ധിച്ച വിവരം ലഭിക്കാത്തതിനാൽ ഇവരെ കണ്ടാൽ അറിയുന്നവർ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിർദേശത്തോടെയാണ് ആൽബം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ പൊലീസ് മേധാവിമാർക്കും ആൽബം അയച്ച് നൽകി. ഇവരെ കണ്ടെത്താൻ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. കലാപത്തിന് ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് എല്ലാവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.