വിരാട് കൊഹ്ലി 10000 റൺസ് തികച്ച മത്സരം സമനിലയിലായാക്കി വിൻഡീസ് (വിരാട് കൊഹ്ലിക്ക് (157 നോട്ടൗട്ട്) 37-ാം ഏകദിന സെഞ്ച്വറി വിശാഖപട്ടണം : ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി തന്റെ 37-ാം സെഞ്ച്വറി നേടുകയും ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുകയും ചെയ്ത മത്സരം ആവേശകരമായ സമനിലയിലെത്തിച്ച് വിൻഡീസ്. ഇന്നലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 321/6 എന്ന സ്കോർ ഉയർത്തിയപ്പോൾ അവസാന പന്തിൽ ഉമേഷിനെ ബൗണ്ടറി പറത്തി 321/7 എന്ന സ്കോറിലെത്തുകയായിരുന്നു വിൻഡീസ് . ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി ക്യാപ്ടൻ കൊഹ്ലി യുടെ ചരിത്ര സെഞ്ച്വറിയുടെയും (157 നോട്ടൗട്ട്) അമ്പാട്ടി റായ്ഡുവിന്റെ (73) അർദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ 321 ലെത്തിയത്. പരമ്പരയിലെ കൊഹ്ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത് . മറുപടിക്കിറങ്ങിയ വിൻഡീസിന് വേണ്ടി വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് (123 നോട്ടൗട്ട്) സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഹെട്മെയർ 94 റൺസെടുത്ത് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതുപോലെ ഒരു തുടക്കമായിരുന്നില്ല ഇന്നലെ ലഭിച്ചത്. പത്തോവർ തികയുന്നതിനുമുമ്പ് ഓപ്പണർമാരായ ശിഖർധവാനെയും (29), രോഹിത്ശർമ്മയെയും (4) നഷ്ടപ്പെടേണ്ടി വന്നു. നാലാം ഓവറിൽ ടീം സ്കോർ 15ൽ നിൽക്കേ കെമർറോഷിന്റെ പന്തിൽ ഹെട്മെയർക്ക് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. 30 പന്തുകളിൽ നാല് ഫോറും ഒരുസിക്സും പായിച്ച ധവാൻ ഒൻപതാം ഓവറിൽ ആഷ്ലി നഴ്സിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി മടങ്ങുകയായിരുന്നു. രോഹിതിന് പകരക്കാരനായി ക്രീസിലെത്തിയ വിരാട് അവസാനം വരെ അടിച്ചുപൊളിച്ചു കളിച്ചതിനാലാണ് ഇന്ത്യയ്ക്ക് 300 നുമേൽ സ്കോർ ചെയ്യാനായത്. തുടക്കത്തിലെ ആലസ്യത്തിനുശേഷം ഇന്ത്യയെ കത്തിച്ചുവിട്ടത് കൊഹ്ലിയും അമ്പാട്ടിറായ്ഡുവും (73) ചേർന്നാണ്. മൂന്നാം വിക്കറ്റിൽ ഇവർ കൂട്ടിച്ചേർത്തത് 139 റൺസാണ്. 80 പന്തുകളിൽ 8 ബൗണ്ടറികളടിച്ച അമ്പാട്ടി 33-ാം ഓവറിലാണ് മടങ്ങിയത്. തുടർന്ന് ധോണിയെ (20) സാക്ഷി നിറുത്തി കൊഹ്ലി 81 റൺസിലെത്തി 10000 ക്ളബിൽ അംഗമായി. നേരിട്ട 91-ാമത്തെ പന്തിലാണ് കൊഹ്ലി നാഴികക്കല്ല് താണ്ടിയത്. ഇന്ത്യ 222 ലെത്തിയപ്പോൾ ധോണിയെ നഷ്ടമായി. മക്കോയ്യുടെ പന്തിൽ മുൻ ഇന്ത്യൻ നായകൻ ക്ളീൻ ബൗൾഡാവുകയായിരുന്നു. തുടർന്ന് ഋഷദ് പന്ത് (17) എൽ.ബിയിൽ കുരുങ്ങി മടങ്ങിയപ്പോൾ ഇന്ത്യ 248/5 എന്ന സ്കോറിലെത്തി. തുടർന്നിറങ്ങിയ ജഡേജയെ സാക്ഷി നിറുത്തിയാണ് കൊഹ്ലി 37-ാം ഏകദിന സെഞ്ച്വറി തികച്ചത്. 49-ാം ഓവറിൽ ജഡേജയും (13) പുറത്തായി. 129 പന്തുകളിൽ 13 ബൗണ്ടറികളും നാല് സിക്സുകളുമാണ് കൊഹ്ലി പായിച്ചത്. മറുപടിക്കിറങ്ങിയ വിൻഡീസിന് ഏഴാം ഓവറിൽ ടീം സ്കോർ 36-ൽ നിൽക്കെ കീരൺ പവലിനെ (18) നഷ്ടമായി. 10 -ാം ഓവറിൽ ഹേംരാജിനെയും (32), 12-ാം ഓവറിൽ മർലോൺ സാമുവൽസിനെയും (13) കുൽദീപ് പുറത്താക്കിയതോടെ വിൻഡീസ് 78/3 എന്ന നിലയിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഷായ്ഹോഷും കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ ഹെട്മെയറും സകോർ ബോർഡ് ഉയർത്തി. 28 ഓവർ പിന്നിടുമ്പോൾ വിൻഡീസ് 185/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ ഹെട്മെയറും ഷായ്ഹോപ്പും ചേർന്ന് അടിച്ചെടുത്തത് 143 റൺസാണ് ടീം സ്കോർ 31.5 ഒാവറിൽ 221 ലെത്തിയപ്പോൾ ഹെട്മെയറിനെ പുറത്താക്കി ചഹലാണ് സഖ്യം പൊളിച്ചത്. ക്യാപ്ടൻ കൊഹ്ലിക്കായിരുന്നു നിർണായക ക്യാച്ച് .എന്നാൽ ഷായ് ഹോപ്പ് ഒരറ്റത്ത് തുടർന്നത് വിൻഡീസിന് പ്രതീക്ഷ നൽകി 64 പന്തുകളിൽ നാല് ഫോറുകളുടെയും ഏഴ് സിക്സുകളുടെയും അകമ്പടിയോടെയാണ് ഹെട്മെയർ 94 റൺസടിച്ചത്. ഹെട്മെയർക്ക് പകരമിറങ്ങിയ റോവ്മാൻ പവൽ 18 പന്തുകളിൽ ഒരു ഫോറും സിക്സുമടക്കം 18 റൺസ് നേടി ഹോപ്പിന് പിന്തുണയേകി. 38-ാം ഒാവറിൽ ടീം സ്കോർ 253 ൽവച്ച് പവലിനെ കുൽദീപ് യാദവ് രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചു. എന്നാൽ സെഞ്ച്വറിയിലേക്ക് കുതിച്ച ഹോപ്പ് പോരാട്ടം നിറുത്താൻ തയ്യാറായില്ല. ആറാം വിക്കറ്റിൽ ക്യാപ്ടൻ ജാസൺ ഹോൾഡറെ (12) കൂട്ടുനിറുത്തി ഹോപ്പ് ടീം സ്കോർ 300 ലെത്തിച്ചു. 48-ാം ഒാവറിൽ ഹോൾഡർ റൺ ഒൗട്ടായപ്പോൾ ആഷ്ലി നഴ്സ് ക്രീസിലെത്തി. പിന്നീട് 16 പന്തുകളിൽ 22 റൺസായിരുന്നു വിൻഡീസിന് വേണ്ടിയിരുന്നത്. അവസാന ഒാവറിൽ 14 റൺസും. മൂന്നാം ഏകദിനം 27ന് പൂനെയിൽ നടക്കും