kerala-police

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷയ്ക്കായി 5000 പൊലീസുകാരെ നിയമിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനായി കഴിഞ്ഞ വർഷങ്ങളിലേത് പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷൻ ഫോഴ്സിനേയും (ആർ.എ.എഫ്), എൻ.ഡി.ആർ.എഫിനെയും നിയോഗിക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങിളിൽ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പൊലീസിനെ നൽകാൻ മറ്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്. കൂടാതെ സന്നിധാനം, ഗണപതികോവിൽ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കൽ, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും വനിതാ തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാനും നിരവധി നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്ന് വന്നു. ഇവയിൽ അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യും.

സുരക്ഷ വർദ്ധിപ്പിക്കാനായി സന്നിധാനം, പമ്പ, നിലയ്‌ക്കൽ, വടശ്ശേരിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കാനും സന്നിധാനത്തും പരിസരങ്ങളിലും കൂടുതൽ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.