new-release

നവരാത്രി റിലീസുകൾക്ക് പിന്നാലെ നാളെ തിയേറ്ററുകളിൽ എത്തുന്നത് 5 മലയാള ചിത്രങ്ങൾ. ജോണി ജോണി യെസ് അപ്പാ, ഫ്രഞ്ച് വിപ്ലവം, വള്ളിക്കുടിലിലെ വെള്ളക്കാരൻ, കൂദാശ, ഹൂ എന്നിവയാണ് ചിത്രങ്ങൾ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. പാവാടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഇതിൽ അനു സിതാരയും മംമ്തയുമാണ് നായികമാർ. നെടുമുടി വേണു, ടിനി ടോം, ഷെറഫുദ്ദീൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൂപ്പർഹിറ്റായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്നു. വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് നിർമ്മാണം. റഫീഖ് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു. ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി, എഡിറ്റിംഗ്: ലിജോ പോൾ.


സണ്ണി വയ്നെ നായകനാക്കി നവാഗത സംവിധായകൻ മജു ഒരുക്കുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ഹ്യൂമർ ചിത്രത്തിൽ പാചകക്കാരനായ സത്യൻ എന്ന കഥാപാത്രത്തെയാണ് സണ്ണി വയ്ൻ അവതരിപ്പിക്കുന്നത്. ഈ മ യൗവിൽ അഭിനയിച്ച ആര്യയാണ് നായിക. ലാൽ, ചെമ്പൻ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ഷജീർ കെ.ജെ, ജാഫർ കെ.എ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് പാപ്പിനുവാണ്. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം നൽകുന്നു.


ബാബുരാജ് നായകനാകുന്ന കൂദാശ സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനു തോമസാണ്. ജോയ് മാത്യു, ദേവൻ, സായ് കുമാർ, ആര്യൻ കൃഷ്ണൻ മേനോൻ, കൃതിക പ്രദീപ്, സ്വാസിക തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഒ. എം. ആർ ഗ്രൂപ്പിന്റെ സഹകരണത്തോടെ വി. ബി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് റിയാസ്, ഒമർ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം: ഫൈസൽ വി. ഖാലിദ്, ഗാനരചന: ബി.കെ. ഹരിനാരായണൻ, സംഗീതസംവിധാനം: വിഷ്ണു മോഹൻ സിത്താര.


ഗണപതി നായകവേഷം അവതരിപ്പിക്കുന്ന ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരൻ.നവാഗതനായ ഡഗ്ലസ് ആൽഫ്രഡാണ് സംവിധായകൻ. മലർ സിനിമാസിന്റെയും ജുവിസ് പ്രൊഡക്ഷസിന്റെയും ബാനറിൽ നവിസ് സേവ്യർ, സിജു മാത്യു, സഞ്ജിത എസ്. കാന്ത് എന്നിവരാണ് നിർമ്മാണം. ലാൽ, മുത്തുമണി, അജു വർഗീസ്, രൺജി പണിക്കർ, സാജു നവോദയ, തനൂജ കാർത്തിക് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോസ് ജോണും ജിജോ ജസ്റ്റിനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: പവി കെ. പവൻ, ഗാനരചന: റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സംഗീതസംവിധാനം: ദീപക് ദേവ്.


പേളി മാണി, ശ്രുതി മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൂ. ഒരു ടൈം ട്രാവലർ ചിത്രമായ ഹൂ കോറിഡോർ സിക്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, പ്രശാന്ത് നായർ ഐ.എ.എസ്, രാജീവ് പിള്ള, സജിൻ സലിം, ഗോപുപടവീടൻ, അംഗനാ റോയ്, ദിഗ്വിജയ് സിംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം: അമിത് സുരേന്ദ്രൻ, സംഗീതസംവിധാനം: മംഗൾ സുവർണൻ.