ഒടിയൻ എന്ന വിസ്‌മയ ചിത്രത്തിന് വേണ്ടി സൂപ്പർതാരം മോഹൻലാൽ 15 കിലോയാണ് ശരീരഭാരം കുറച്ചത്. ഇപ്പോഴിതാ ഉലകനായകൻ കമലഹാസനും ലാലിന്റെ വഴിയിലാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ൽ അഭിനയിക്കാനാണ് കമൽ ശരീരഭാരം കുറയ്ക്കുന്നത്. അമേരിക്കയിൽ നിന്നുള്ള ട്രെയിനറാണ് ഇതിനായി കമലിനെ സഹായിക്കുന്നത്. ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ രണ്ടാം സീസൺ പൂർത്തിയായ ശേഷം കമലഹാസൻ ഇന്ത്യൻ 2ൽ അഭിനയിച്ചു തുടങ്ങും. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അവതാരകനാണ് അദ്ദേഹം. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സൂപ്പർഹിറ്റ് ചിത്രമായ ഇന്ത്യൻ റിലീസ് ചെയ്ത് 22 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. സേനാപതി, ചന്ദ്ര ബോസ് എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് കമൽ ആദ്യഭാഗത്തിൽ അവതരിപ്പിച്ചത്.