വിഴിഞ്ഞം: ചൊവ്വരയ്ക്കടുത്ത് സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 13 കുട്ടികൾക്ക് പരിക്കേറ്രു. ഇവരിൽ ആറുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഏഴ് വിദ്യാർത്ഥികളെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്രവരിൽ ആറ് പേർ പെൺകുട്ടികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. വാൻ ഡ്രൈവർക്കും വാനിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്രിട്ടുണ്ട്.
ചൊവ്വര പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാനാണ് അപകടത്തിൽപെട്ടത്. രാവിലെ 7.45 ഓടെ തെക്കേക്കോണത്ത് നിന്ന് കുട്ടികളെ കയറ്രി സ്കൂളിലേക്ക് വരികയായിരുന്ന വാൻ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലുള്ള കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടമുണ്ടായ ഉടൻ നാട്ടുകാരും രക്ഷിതാക്കളും ഒാടിക്കൂടി കുട്ടികളെയും ഡ്രൈവറേയും ആയയെയും പുറത്തേക്കെടുത്ത് രക്ഷിച്ചു. ആറു പേരെ എസ്.എ.ടി ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും കൊണ്ടുവന്നു. നെയ്യാർ ഇറിഗേഷൻ കനാലിന്റെ വശത്തുള്ള റോഡിലൂടെയായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. അപകടം നടന്നപ്പോൾ കനാലിൽ തീരെ വെള്ളമില്ലാതിരുന്നത് ഭാഗ്യമായി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കരുതുന്നു. ഡ്രൈവ് ചെയ്യുമ്പോൾ ഫോണുപയോഗിച്ചിരുന്നുവോ എന്നതും അന്വേഷിക്കുന്നുണ്ട്. വീതികുറഞ്ഞ റോഡിനിരുവശവും കാട് പിടിച്ചു കിടന്നതും അപകടമുണ്ടാക്കാനിടയായെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റവരെ മന്ത്രി സി. രവീന്ദ്രനാഥും എം.എൽ.എ എം. വിൻസെന്റും കളക്ടർ കെ. വാസുകിയും സന്ദർശിച്ചു.
പരിക്കേറ്റ് ചികിത്സയിലുള്ളവർ
അഫീൻ (9), മിഥുൻ (12), എസ്. എ അഞ്ജു ( 4),ആർ.എസ് അജ്ന ( 5), എബിൻ (5), മഹാദേവൻ ( 5), സ്കൂളിലെ ആയ മരുതൂർക്കോണം സ്വദേശി ഗിരിജ ( 55), വാൻ ഡ്രൈവർ പെരിങ്ങമ്മല സ്വദേശി വിനീത് (32), വിപിൻ (11), മിഥിൽ (7), അനന്തു (10), സന്ദില (11),ഭദ്ര (8), അഭിരാമി (9), തീർത്ഥ (5).