renju

കൊച്ചി: 'ഇനിയും പട്ടിണി കിടന്ന് നരകിക്കാൻ വയ്യ. മാന്യമായ ജോലി ചെയ്‌ത് ജീവിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയത് അവഗണനയും പരിഹാസവും മാത്രം. കൊച്ചിമെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹൻ എന്ന ട്രാൻസ് ജെൻഡറിന്റെ വാക്കുകളാണിത്. ഇനിയും തെണ്ടാൻ കഴിയില്ല, എന്റെ ലിംഗമാണ് അവർക്ക് പ്രശ‌്നം. എല്ലാരും പറയുന്നുണ്ട് അബദ്ധമൊന്നും കാട്ടരുതെന്നും ജോലി അവസരങ്ങൾ ഒരുപാടുണ്ടെന്നും, പക്ഷേ എവിടെ. മറ്റൊന്നും നടന്നില്ലെങ്കിൽ ഞാനാകടുംകൈ ചെയ്യും. ശരീരം വിൽക്കാൻ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ പലർക്കും പോക്കു കേസാ...ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ'-രഞ്ജു പറയുന്നു.

തന്റെതല്ലാത്ത പിഴവിന്റെ പേരിലാണ് മേലധികാരികൾ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് രഞ്ജു വ്യക്തമാക്കി.

കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡറുകൾക്ക് ജോലി നൽകിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകൾ വാർത്ത നിരത്തിയെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങൾ. 'നിങ്ങളൊക്കെ കരുതും പോലെ എസിക്ക് കീഴിൽ കുളിരു കോരിയിരിക്കുന്ന സർക്കാർ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിംഗ് ജോലി ഏൽപ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോൺട്രാക്‌ട് സ്റ്റാഫ് മാത്രമായിരുന്നു ഞാൻ. ചാനൽ ചർച്ചകളിലും പത്രക്കോളങ്ങളിലും ട്രാൻസ് ജെൻഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലർ ഛർദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങൾ എന്നും അവിടുത്തെ ഉദ്യോഗസ്ഥർക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വപ്പോൾ ട്രെയിനിൽ ഭിക്ഷയെടുക്കാൻ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാൻ. ഒരിക്കൽ ജോലിയിലെ പിഴവിന്റെ പേരിൽ മേലുദ്യോഗസ്ഥൻ ഒരുപാട് പേരുടെ മുന്നിൽ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാൻ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവർ ചെവിക്കൊണ്ടില്ല. എന്നെ അവർ പുറത്താക്കി, ജോലിയിൽ നിന്നും മാറി നിൽക്കാൻ പറഞ്ഞു. എനിക്കറിയാം സാറേ... മറ്റൊരു വ്യക്തിയായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.– രഞ്ജു പറയുന്നു.

'ഒടുവിൽ ഏമാൻമാരുടെ കാലുപിടിച്ച് ജോലിയിൽ തിരികെ കയറി. എന്നാൽ ദുരിതം ഒഴിഞ്ഞിരുന്നില്ല.രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത് വച്ച് ഒരുത്തൻ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം 'തെറ്റായിരുന്നു.'. ഞാൻ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവൻ ഞങ്ങളെ വിട്ടില്ല, ഒടുവിൽ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ എന്റെ ബാഗും തട്ടിപ്പറിച്ച് അവൻ ഓടി. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് പൊലീസിൽ പരാതി നൽകി.

നിയമ നടപടികളുമായി മുന്നോട്ടു പോകവെ, തിരിച്ച് ഓഫീസിലെത്തിയപ്പോൾ കഥയാകെ മാറി. ലൈംഗിക തൊഴിലാളികൾക്ക് ജോലി നൽകാനാകില്ലെന്നായിരുന്നു അവരുടെ വാദം. എന്താണ് സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാൽ മറ്റ് മാർഗമില്ലെന്ന് പറഞ്ഞ് കാലുപിടിച്ചു. പക്ഷേ അവർ കേൾക്കാൻ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ...അവരുടെ മുന്നിൽ ഞങ്ങൾ വെറും 'പോക്ക് കേസു'കളാണ്. വെറും രണ്ടാം തരക്കാർ. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വിൽക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. പലപ്പോഴും മരിച്ചാൽ മതിയെന്നു വരെ തോന്നിയിട്ടുണ്ടെന്ന് പറയുമ്പോൾ രഞ്ജുവിന്റെ ശബ്‌ദം ഇടറി.