ഇടുക്കി: നവകേരള നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ഇടുക്കി ജില്ലയിലെ പൊലീസുകാർക്ക് അമിത ജോലി നൽകുന്നെന്ന് ആരോപണം. അസുഖം മൂലം അവധി ആവശ്യപ്പെട്ടാലും അനുവദിക്കുന്നില്ല. ഇവർക്ക് നിർബന്ധിത അവധി നൽകുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെ നീലക്കുറിഞ്ഞി ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിക്കിടെ സിന്ധു എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണിരുന്നു. ഇതോടെയാണ് പരാതി ഉയർന്നത്. ദേവികുളം പൊലീസ് സ്റ്രേഷനിലെ ഉദ്യോഗസ്ഥയായ സിന്ധു സാലറി ചലഞ്ചിൽ പങ്കെടുത്തിരുന്നില്ല. മൂന്നാർ ഡി.വൈ.എസ്.പിയോട് അവധി ആവിശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.
അതേസമയം, സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത നാൽപതോളം പൊലീസുകാർ ഇടുക്കിയിലുണ്ട്. ഇവരെ രാജമലയിലുൾപ്പടെ ജോലിയ്ക്ക് നിയമിച്ചെന്നും ആരോപണമുണ്ട്.