mlas



ചെന്നൈ: തമിഴ്നാട്ടിൽ ടി.ടി.വി. ദിനകരന് തിരിച്ചടി നൽകിയും എടപ്പടി പളനിസാമി സർക്കാരിന് ആശ്വാസം നൽകിക്കൊണ്ടും 18 എം.എൽ.എമാരെ സ്‌‌പീക്കർ അയോഗ്യരാക്കിയത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് തമിഴ്നാട് എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ച് ദിനകരനൊപ്പം പോയ 18 എം.എൽ.എമാരെയാണ് തമിഴ്നാട് നിയമസഭാ സ്പീക്കർ പി. ധനപാലൻ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയത്​. അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവച്ചിരുന്നെങ്കിൽ തമിഴ്നാട് സർക്കാരിന് സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. അയോഗ്യത ശരിവച്ചതോടെ എം.എൽ.എമാർക്ക് സീറ്റും നഷ്ടമാകും.

ദിനകരനൊപ്പം ചേർന്ന 19 എ.ഡി.എം.കെ എം.എൽ.എമാർക്ക് ചീഫ് വിപ്പിന്റെ നിർദ്ദേശപ്രകാരം നേരത്തേ നോട്ടീസ് നൽകിയിരുന്നെങ്കിലും എസ്.ടി.കെ.ജക്കയ്യൻ ഒഴികെയുള്ള വിമത എം.എൽ.എമാർ പാർട്ടി അംഗത്വം രാജിവയ്ക്കുകയോ മറ്റ് പാർട്ടികളിൽ അംഗത്വം നേടുകയോ ചെയ്യാത്ത പക്ഷമാണ് അവരെ സ്പീക്കർ അയോഗ്യരാക്കിയത്. ഇ.പി.എസ് ​- ഒ.പി.എസ്​ പക്ഷങ്ങൾ യോജിച്ചപ്പോഴാണ് എം.എൽ.എമാർ ദിനകരൻ പക്ഷത്തേക്ക്​ കൂറുമാറിയത്.

പതിനെട്ട് എം.എൽ.എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ നിയമസഭയിൽ ഇനി 216 എം.എൽ.എമാർ മാത്രമാണുള്ളത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സീറ്റിൽ ടി.ടി.വി.ദിനകരൻ ജയിച്ചിരുന്നു. 2017 സെപ്തംബറിൽ തമിഴ്നാട് അസംബ്ളി സ‌്പീക്കർ ധനപാൽ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത കേസിൽ ജൂൺ 14ന് മദ്രാസ് ഹൈക്കോടതി ഇറക്കിയ വിധി ഏകകണ്ഠമായിരുന്നില്ല. തുടർന്നാണ് മൂന്നംഗ ബെഞ്ചിന് കേസ് വിട്ടത്.