rajagopalan-nair

തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എം.രാജഗോപാലൻ നായർ. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമേ തന്ത്രിക്ക് അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. നിലവിലെ പ്രതിഷേധങ്ങളൊന്നും സർക്കാരിനെ ബാധിക്കില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ ചർച്ചയിലേക്കും കടന്ന സാഹചര്യത്തിൽ രാജഗോപാലൻ നായർ 'കേരളകൗമുദി ഫ്ളാഷി'നോട് സംസാരിക്കുന്നു:

തന്ത്രി വെറും ജീവനക്കാരൻ
യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് ശുദ്ധ വിഡ്ഢിത്തമാണ്. ക്ഷേത്രത്തിന്റെ ഭരണ നിർവഹണ ചുമതലയുള്ള ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള വെറുമൊരു ജീവനക്കാരൻ മാത്രമാണ് തന്ത്രി. നട അടച്ചാൽ തന്ത്രിക്കെതിരെ കടുത്ത നടപടി എടുക്കാം. നോട്ടീസ് പോലും നൽകാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോർഡിന് നിയമിക്കാനാവും. ഇത് സംബന്ധിച്ച ചട്ടങ്ങൾ ദേവസ്വം ബോർഡിന്റെ നിയമാവലിയിലുണ്ട്. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല.

ദേവസ്വം ബോർഡിന്റേത്
ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. പന്തളം കൊട്ടാരത്തിനും അവകാശമില്ല. തന്ത്രിമാർക്കും ഉടമസ്ഥാവകാശം ഉന്നയിക്കാൻ അർഹതയില്ല. ദേവസ്വം ബോർഡിന്റെ ഭരണനിയന്ത്രണത്തിലുള്ള അവർ നിർദ്ദേശങ്ങൾ അനുസരിക്കാൻ മാത്രം ബാദ്ധ്യസ്ഥരായവരാണ്.

സർക്കാരിന് അറിയാം
എന്താണോ സുപ്രീംകോടതിയുടെ വിധി അത് നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. അതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ സർക്കാരിന് അറിയാം. ഒരുസംഘം സ്ത്രീകൾ സമരം ചെയ്തത് കൊണ്ട് സർക്കാർ മുട്ടുമടക്കില്ല. വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ സംഘർഷം ഉണ്ടാകുമെന്ന് കരുതുന്നില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമുള്ള ഒരു സംഘമാണ് ഇപ്പോൾ നടന്ന പ്രതിഷേധത്തിന് പിറകിൽ. അത്തരക്കാരെ കണ്ടുപിടിച്ച് തടഞ്ഞാൽ പിന്നെ യാതൊരു പ്രശ്നവുമുണ്ടാകില്ല. മണ്ഡലകാലം ആവുമ്പോഴേക്കും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്.

റിവ്യൂഹർജിയിൽ വസ്തുത നോക്കില്ല
നിലവിൽ ലഭിച്ചിരിക്കുന്ന പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഇനി വസ്തുതകൾ പരിഗണിക്കണമെന്നില്ല. പകരം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന, ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന വിധിയിൽ പിശകുണ്ടോ എന്ന് മാത്രമാവും നോക്കുക. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ വിധിയിൽ ഉണ്ടോയെന്ന് കോടതി പരിശോധിച്ചേക്കാം. വിധി സ്ഥിരപ്പെടുത്തുമോ അസ്ഥിരപ്പെടുത്തുമോ എന്ന കാര്യം അതിനുശേഷമാവും തീരുമാനിക്കുക.

sabarimala

വിവേകപൂർവമായ നടപടി

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് മാത്രമാണ് സുപ്രീംകോടതിയുടെ വിധി. സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ സംരക്ഷണം നൽകണമെന്നോ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് തടയണമെന്നോ കോടതി പറഞ്ഞിട്ടില്ല. എന്നാൽ അതിക്രമം ഉണ്ടാകുന്നത് ഒഴിവാക്കാൻ മല കയറാൻ എത്തിയ സ്ത്രീകൾക്ക് സർക്കാർ പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ശക്തമായ പ്രതിഷേധം ഉയർന്നതുകൊണ്ടാണ് സർക്കാർ പൊലീസിനോട് പിൻവാങ്ങാൻ നിർദ്ദേശിച്ചത്. സർക്കാരിന്റെ വിവേകപൂർവമായ നടപടിയാണ് അത്. വീഴ്ചയായി കണക്കാക്കേണ്ടതില്ല.

സുപ്രീംകോടതി ഉത്തരവ് നിയമം
ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നിർമിക്കുന്ന നിയമങ്ങൾക്ക് തുല്യമാണ്. അതിനാൽ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കോടതി ഉത്തരവ് രാജ്യത്തെ നിയമം തന്നെയാണ്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ 1991ലെ കേരള ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തി. മുമ്പ് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നു. അതിന് രേഖകൾ ഉണ്ട്. ദേവസ്വം ബോർഡ് അത് സമ്മതിച്ചിട്ടുണ്ട്. ആചാരമാണെങ്കിൽ പോലും സ്റ്റേറ്റിന് പൗരന്മാരോട് ജാതി, മതം, ലിംഗം എന്നിവയുടെ പേരിൽ വിവേചനം നടത്താനാവില്ല.