1. തമിഴ്‌നാട്ടിലെ 18 എം.എൽ.എമാരുടെ അയോഗ്യതാ കേസിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ആശ്വാസം. അയോഗ്യരാക്കിയ നടപടി നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി. സ്പീക്കർ പി. ധനപാലന്റെ നടപടി കൂറുമാറ്റ നിരോധന നിയമ പ്രകാരം എന്ന് ജസ്റ്റിസ് എം. സത്യനാരായണൻ. അയോഗ്യത കോടതി ശരിവച്ചതോടെ എം.എൽ.എമാർക്ക് സീറ്റും നഷ്ടമാകും. വിധി തിരിച്ചടി അല്ലെന്ന് ടി.ടി.വി ദിനകരൻ. സുപ്രീകോടതിയിൽ പോകുന്നത് എം.എൽ.എമാരുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും എന്നും പ്രതികരണം.
2. പളനിസാമി സർക്കാരിനെ താഴെ ഇറക്കാനായി എം.എൽ.എമാരെ പ്രത്യേക റിസോർട്ടിൽ പാർപ്പിച്ച ദിനകരൻ പക്ഷത്തിന് ഏറ്റ കനത്ത പ്രഹരം ആണ് പുതിയ തീരുമാനം. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നൽകിയതിനാണ് സ്പീക്കർ പി.ധനപാൽ ടി.ടി.വി ദിനകരൻ പക്ഷത്തെ 18 എം.എൽ .എമാരെ അയോഗ്യരാക്കിയത്. കേസിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോൾ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് ജസ്റ്റിസ് എം.സത്യനാരായണന് മുന്നിൽ എത്തുകയായിരുന്നു.
3. ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ വൻ ഗൂഢലോചനയുടെ ഫലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രക്തം ചിന്തിച്ചുള്ള ആക്രമണമാണ് ഉദ്ദേശിച്ചത്. ഇത് ഭക്തരോടുള്ള വഞ്ചനയാണ്. രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലോടെ ഇത് പുറത്തു വന്നു. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും നടന്നത് രാജ്യദ്രോഹക്കുറ്റം എന്നും പൊലീസിന്റെ സംയമനമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആക്കിയത് എന്നും കടകംപള്ളി.
4. രാഹുൽ ഈശ്വറിന്റെ കയ്യിൽ പ്ലാൻ സിയും ഡിയും എല്ലാമുണ്ടാകും. അതെന്തൊക്കെ ആണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്യം നൽകിയത് എന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. രാഹുൽ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവർക്ക് അന്യായ പ്രവൃത്തികൾക്ക് അനുകൂല സാഹചര്യം അനുവദിക്കാൻ ആവില്ലെന്നും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി.
5. യുവതി പ്രവേശ വിഷയത്തിൽ ശബരിമലയിലും പരിസരങ്ങളിലും അരങ്ങേറിയ സംഘർഷങ്ങളിൽ പ്രതികളായവർക്ക് എതിരെ ശക്തമായ നടപടികളുമായി പൊലീസ്. പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൃപ്പൂണിത്തുറയിൽ നിന്ന് പിടികൂടി. ഗോവിന്ദ്, ഹരി എന്നിവർ ആണ് പിടിയിൽ ആയത്. ഇവരെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പൊലീസ് ഇന്നലെ പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിൽ ഇരുവരുടേയും ചിത്രങ്ങൾ ഉണ്ടായിരുന്നു.
6. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തു വിട്ടത്, അക്രമങ്ങൾ നടത്തിയ 210 പേർക്ക് എതിരെ. പ്രതികളെ കണ്ടെത്തുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ 146 കേസുകളിലായി കണ്ടാൽ അറിയാവുന്ന 2000 ഓളം പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, കലാപത്തിന് ശ്രമം, സ്ത്രീകളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
7. സന്നിധാനത്ത് മാത്രം 16 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊലീസ് സേനാംഗങ്ങളുടെ ജീവൻ പോലും അപകടാവസ്ഥയിൽ ആയിരുന്ന സ്ഥിതിയാണ് സന്നിധാനത്ത് ഉണ്ടായിരുന്നത് എന്ന് സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പരാമർശം. ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനാണ് ശ്രമം. ഡി.ജി.പിയുടെ നിർദേശ അനുസരണം എസ്. പിമാരുടെ നേതൃത്വത്തിൽ ജില്ലാതല സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
8. രണ്ടാമൂഴം സിനിമ സംബന്ധിച്ച പ്രശ്‌നം രമ്യതയിലാകില്ലെന്ന സൂചന നൽകി എം.ടി വാസുദേവൻ നായർ. തിരക്കഥ തിരിച്ചാവശ്യപ്പെട്ട് നൽകിയ കേസുമായി മുന്നോട്ട് പോവുകയാണ് എന്ന് പ്രതികരണം. അനുരഞ്ജന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തുണ്ട് എങ്കിലും കുലുങ്ങാൻ എംടി തയ്യാറല്ല. തിരക്കഥ ആവശ്യപ്പെട്ടു കൊണ്ടുള്ള കേസ് കോഴിക്കോട് മുൻസിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
9. കരാർ കാലാവധി അവസാനിച്ചതിനാൽ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്താം തിയതിയാണ് എം.ടി കേസ് നൽകിയത്. ഇതോടെ തിരക്കഥ സിനിമയാക്കുന്നതിൽ നിന്ന് ശ്രീകുമാർ മേനോനെയും നിർമ്മാണ കമ്പനിയായ എയർ ആൻഡ് എർത്ത് ഫിലിംസിനെയും കോടതി താൽക്കാലികമായി വിലക്കിയിരുന്നു. തുടർന്ന് രണ്ടു തവണ ശ്രീകുമാർേേ നാൻ രണ്ടു തവണ നേരിട്ടു കണ്ട് ചർച്ച നടത്തിയെങ്കിലും എം.ടിയുടെ നിലപാടിൽ മാറ്റം ഉണ്ടായിരുന്നില്ല.
10. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിന് സാധ്യത പഠനം നടത്തുന്നതിന് കേരളത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സുപ്രീകോടതിയിൽ കോടതി അലക്ഷ്യത്തിന് കേസ് നൽകാൻ തമിഴ്‌നാട് നീക്കം. 2014 ആഗസ്റ്റിൽ സുപ്രീകോടതി പുറപ്പെടുവിച്ച വിധിയിൽ തമിഴ്‌നാട് സർക്കാറിന്റെ അനുമതി കൂടാതെ പുതിയ ഡാം നിർമിക്കാനുള്ള സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തരുതെന്ന് ഉത്തരവിട്ടിരുന്നു.
11. 2015 മേയ് മാസത്തിൽ ജയലളിത സർക്കാർ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് 2015 ജൂലായിൽ കേന്ദ്രം ഉത്തരവ് പിൻവലിക്കുകയായിരുന്നു. നിലവിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും അതിനാൽ, ഉടനടി കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യണമെന്നുമാണ് തമിഴ്‌നാട് സർക്കാറിന് ലഭിച്ച നിയമോപദേശം.