പയ്യോളി: ക്ഷേത്രത്തിലേക്ക് പൂജായ്ക്കായി എത്തുന്നതിനിടെ പൂജാരിയുടെ ബാഗ് കവർന്നു. കീഴൂർ ശിവ ക്ഷേത്രത്തിലെ പൂജാരി ബാലുശ്ശേരി പനങ്ങാട് സ്വദേശി ഹരീന്ദ്രനാഥൻ നമ്പൂതിരിയുടെ ബാഗാണ് കവർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
ഹരീന്ദ്രനാഥ് ക്ഷേത്രത്തിനടുത്താണ് താമസം. ബൈക്കിലെത്തിയ സംഘം പൂജാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാലയും 2 മൊബൈൽ ഫോണുകളും പണവുമടങ്ങിയ ബാഗാണ് കവർന്നത്. ആസിഡ് അക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. മുഖത്ത് സാരമായി പരിക്കേറ്റ ഹരീന്ദ്രനാഥിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.