nagarasabha
കായംകുളം നഗരസഭയിൽ ഉണ്ടായ സംഘർഷം. സംഘർഷത്തിനിടെ പരിക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്ത കൗൺസിലർ അജയൻ ഇൻസെറ്റിൽ

കായംകുളം: സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി കായംകുളം നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭരണപക്ഷ കൗൺസിലറും സി.പി.എം 12ാം വാർഡംഗവുമായ എരുവ വല്ലാറ്റൂരിൽ വി.എസ്.അജയൻ (52) മരിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. എട്ട് കൗൺസിലർമാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ബസ് സ്റ്റാൻഡിനായി ലിങ്ക് റോഡിൽ എൽമെക്സ് ഗ്രൂപ്പ് വക 65 സെന്റ് സ്ഥലവും തൊട്ടടുത്ത് എസ്.പി.എം.എസ് വക 20 സെന്റ് സ്ഥലവും ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വൈസ് ചെയർപേഴ്സൺ ആർ.ഗിരിജ, എൽ.ഡി.എഫ് കൗൺസിലർമാരായ വി.എസ്.അജയൻ, അബ്ദുൾ മനാഫ്, ശശികല, അനിൽകുമാർ, ജലീൽ.എസ്.പെരുമ്പളത്ത്, ഷാമില അനിമോൻ എന്നിവർക്കും യു.ഡി.എഫിലെ ഷാനവാസ്, ഷീജ എന്നിവർക്കുമാണ് പരിക്കേറ്റത്. വി.എസ്.അജയനെയും അബ്ദുൾ മനാഫിനെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മസ്തിഷ്‌ക രോഗബാധിതനായിരുന്ന അജയൻ വെളുപ്പിന് മരിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരസ്പരം നടത്തിയ ഉന്തിലും തള്ളിലുമാണ് കൗൺസിലർമാർക്ക് പരിക്കേറ്റത്. ഉച്ചയ്ക്ക് 12ന് അജയന്റെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: അഞ്ജലി, അഭിജിത്ത്.

ആരോപണം, പോർവിളി, കൈയേറ്റം
44 അംഗ കൗൺസിലിൽ എൽ.ഡി.എഫിലെ 21 പേർ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു. ഏഴ് അംഗങ്ങൾ ഉള്ള ബി.ജെ.പി നിഷ്പക്ഷത പാലിച്ചു. യു.ഡി.എഫ് എതിർത്തു. തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. യോഗം പിരിച്ചുവിട്ട ശേഷം യു.ഡി.എഫ് നേതാവ് യു.മുഹമ്മദിന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി സത്യഗ്രഹം നടത്തി. അക്രമം കാട്ടിയ യു.മുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണ കക്ഷിയായ എൽ.ഡി.എഫ് നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തി. ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്ന അജണ്ട മാറ്റി വയ്ക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യആവശ്യം. പിന്നീട്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച് കൗൺസിലിന്റെ അനുമതിക്കായി സമർപ്പിച്ച നിർദ്ദേശങ്ങളുടെയും സ്‌കെച്ചിന്റെയും പൂർണരൂപം യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് യു.മുഹമ്മദും ലീഗ് കൗൺസിലർ നവാസും ആവശ്യപ്പെട്ടു. ആദ്യം ഇത് നിഷേധിച്ച നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പിന്നീട് രേഖകളുടെ കോപ്പികൾ കൗൺസിലർമാർക്ക് വിതരണം ചെയ്തു. എന്നാൽ എൽമെക്സിന്റെ മുഴുവൻ സ്ഥലവും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടർന്നു. പ്രതിപക്ഷ നേതാവ് യു. മുഹമ്മദ് മോശം ഭാഷയിൽ സംസാരിച്ചെന്ന് ചർച്ചയ്ക്ക് ഒടുവിൽ ഭരണ കക്ഷിയിലെ ഷാമില ആരോപണം ഉന്നയിച്ചതോടെ പരസ്പരം പോർവിളി തുടങ്ങി. തുടർന്ന് പ്രതിപക്ഷം ബഹളം വച്ചു. ഇതിനിടയിൽ അജണ്ടകൾ പാസായതോടെ മുഹമ്മദും നവാസും ചെയർമാൻ ശിവദാസനെ തള്ളിയിടാനും മൈക്കും രേഖകളും പിടിച്ചെടുക്കാനും ശ്രമിച്ചു. ഇതിനിടെയാണ് കൈയേറ്റം ഉണ്ടായത്. ഇത് കണ്ട് എൽ.ഡി.എഫ് അംഗങ്ങൾ ചെയർമാനെ സംരക്ഷണ വലയം തീർത്താണ് രക്ഷപ്പെടുത്തിയത്.

കായംകുളത്ത് യു.ഡി.എഫ് ഹർത്താൽ
സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എൽമെക്സ് വക മുഴുവൻ സ്ഥലവും ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് കായംകുളം നഗരത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്.