തിരുവനന്തപുരം: എ.ബി.വി.പി സംസ്ഥാന കമ്മിറ്റി ഒാഫീസിന് നേരെ അജ്ഞാതർ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ ഒാഫീസിന്റെ ജനൽചില്ലുകൾ തകർന്നു. ആളപായമില്ല. വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുന്നുപുറത്തെ പഴയ ജനറൽ പോസ്റ്റ് ഒാഫീസിന് സമീപത്തുള്ള ഒാഫീസിലേക്ക് അർദ്ധരാത്രി 12.30 നായിരുന്നു അക്രമം.
ഇതോടൊപ്പം ഒാഫീസിന്റെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഇരുനില കെട്ടിടത്തിന് നേരെയും ആക്രമണം നടന്നു.
കെട്ടിടത്തിലെ ജനൽചില്ലുകളും സ്വിച്ച് ബോർഡുകളും തകർത്ത അക്രമികൾ നിറുത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടുകൾ വരുത്തി. സംഭവത്തിൽ പരാതി ലഭിച്ചശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ആറ്രിങ്ങലിൽ എസ്.എഫ്.എെ, എ.ബി.വി.പി നേതാക്കളുടെ വീടുകൾ അടിച്ചുതകർത്തതിന് പിന്നാലെയാണ് ഒാഫീസിന് നേരെ ആക്രമം അരങ്ങേറിയത്. എസ്.എഫ്.എെ സംസ്ഥാന പ്രസിഡന്റ് വി. വിനീഷ്, എ.ബി.വി.പി ആറ്റിങ്ങൽ മേഖലാ സെക്രട്ടറി ശ്യാം എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമം.