nageswara-rao

ന്യൂഡൽഹി:ഇടക്കാല സി.ബി.ഐ ഡയറക്ടർ നാഗേശ്വര റാവുവും അഴിമതിക്കുരുക്കിൽ.ഇയാൾക്കെതിരെ ഗുരുതര അഴിമതിയാരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
നാഗേശ്വര റാവു അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. നാഗേശ്വര റാവുവിന് പങ്കുള്ള വിവിധ തട്ടിപ്പുകളുടെ വിശദമായ വാർത്തയോടൊപ്പമാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

1986 ഒഡീഷ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവു 2016ലാണ് സി.ബി.ഐയിൽ ചേരുന്നത്. ഉപരാഷ്ട്രപതിയും മുതിർന്ന ബി.ജെ.പി നേതാവുമായ എം.വെങ്കയ്യ നായിഡുവിന്റെ അടുപ്പക്കാരനാണ് വാറങ്കൽ സ്വദേശിയായ റാവു. വിവിധ ഭൂമി, വായ്പാതട്ടിപ്പ് കേസുകളിലെ പ്രതികളെ രക്ഷിക്കാൻ അനധികൃത ഇടപെടൽ നടത്തിയ നാഗേശ്വരറാവുവിനെതിരെ സി.ബി.ഐക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ അലോക് വർമയുടെ പ്രാഥമികാന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും തമിഴ് വാർത്താ പോർട്ടൽ 'സാവ്ക്കു' ജൂലായിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഹിന്ദുസ്ഥാൻ ടെലിപ്രിന്റേഴ്സ് ലിമിറ്റഡിന്റെ കോടികൾ വിലമതിക്കുന്ന ഭൂമി വി.ജി.എൻ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്‌റ്റേറ്റ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സി.ബി.ഐ ചെന്നൈ സോൺ ജോയിന്റ് ഡയറക്ടറായിരുന്ന നാഗേശ്വരറാവു വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, സി.ബി.ഐ ഡയറക്ടർ അലോക് വർമ ചില പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ചെന്നൈ സോണിൽനിന്ന് ബാങ്കിങ് ആൻഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്ലിലേക്ക് മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തേച്ചുമാച്ചു കളയാനാണ് സി.ബി.ഐയിലെ ഇളക്കി പ്രതിഷ്ഠകളെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കുറ്റപ്പെടുത്തൽ.