novel

സംശയത്തോടെ രാഹുലിന്റെ പിന്നാലെ രാജസേനനും ഹാളിലേക്കു വന്നു.
പുറത്ത് ഒരു പഴയ മഹേന്ദ്ര ജീപ്പ് കിടക്കുന്നതു കണ്ടു.

അതിൽ നിന്നിറങ്ങുന്ന ആളിനെ രാഹുൽ വിഷ് ചെയ്യുന്നു...
ഇറുകിയ കറുത്ത ജീൻസും ടൈറ്റ് ഷർട്ടും ധരിച്ച ഒരാൾ!
അവന്റെ മസിലുകളുടെ ഇളക്കം ഷർട്ടിനുള്ളിൽ കാണാം.

ആറടിയിലധികം ഉയരവും നൂറുകിലോയോളം തൂക്കവുമുള്ള മുടി പറ്റെ വെട്ടിയ ആൾ..
രാഹുൽ സന്തോഷത്തോടെ അവനെ അകത്തേക്കു കൊണ്ടുവന്നു.
രാജസേനന്റെ നെറ്റി ചുളിഞ്ഞു. ഇവനെ എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നി.

പിരിച്ചുവച്ചിരിക്കുന്ന മീശയിലും നീണ്ട താടിയിലും അവൻ ഒന്നു തടവി. വലതുകയ്യിൽ നാലോളം ചരടുകൾ ചുറ്റിക്കെട്ടിയിട്ടുണ്ട്.
മുകളറ്റത്തെ അഴിഞ്ഞ ബട്ടൻസിനപ്പുറം നെഞ്ചിൽ കുരുങ്ങിക്കിടക്കുന്ന കട്ടി സ്വർണ ചെയിൻ ഒരു പാമ്പിനെപ്പോലെ....
''അച്ഛനു മനസ്സിലായോ ഇവനെ?'
ചിരിച്ചുകൊണ്ട് രാഹുൽ തിരക്കി.
ഇല്ലെന്ന ഭാവത്തിൽ രാജസേനൻ കണ്ണടച്ചു.

''ഇത് മൂസ. സ്പാനർ മൂസ..'
രാജസേനൻ ഉൽക്കടമായി നടുങ്ങി.
ഇരയെ സ്പാനർ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്ന ഡെയ്ഞ്ചറസ് കില്ലർ..!

കൊന്നത് മൂസയാണെങ്കിലും ഒരു തെളിവും ഇന്നുവരെ അയാൾ അവശേഷിപ്പിച്ചിട്ടില്ല. എന്നാൽ എല്ലാവർക്കും അറിയാംതാനും ചെയ്തത് മൂസയാണെന്ന്!
''ഇവനിങ്ങോട്ടു വന്നത് ആരെങ്കിലും കണ്ടാൽ...'
മുൻ മന്ത്രിക്ക് അക്കാര്യത്തിലാണ് ഭയം.
''കണ്ടാൽ കണ്ടവൻ ആരോടും പറയില്ല സാർ...'

മൂസ ചിരിച്ചു. ആ ചിരിയിൽ പോലും ചോരയുടെ മണമറിഞ്ഞു രാജസേനൻ.
മൂസയ്ക്ക് വീടോ കുടുംബമോ ഇല്ല.എവിടെ നിന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്നും ആർക്കും അറിയില്ല.
ഒരു ഇരയെ സ്‌കെച്ചു ചെയ്താൽ അത് തീർക്കാതെ പിന്മാറുന്നവനല്ല മൂസ... അത് രാജസേനന് അറിയാം.
ആരും പറയാതെ മൂസ, സെറ്റിയിൽ ഇരുന്നു. സെറ്റി ഒന്നു ഞെരിഞ്ഞതു പോലെ തോന്നി.

''സാറ് ഇരിക്ക്.'
മൂസതനിക്കെതിരെ കിടന്നിരുന്ന സെറ്റിയിലേക്കു കൈ ചൂണ്ടി.
പാറക്കല്ലുകൾ പോലെ തോന്നുന്ന വിരലുകളിലേക്ക് ഒന്നു നോക്കിയിട്ട് രാജസേനൻ ഇരുന്നു.

''മൂസ പറഞ്ഞു:
''മുഖവുരയുടെ ഒന്നും ആവശ്യമില്ല സാർ... രാഹുൽ എന്നോടു കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തീർക്കേണ്ടത്എസ്.പിയേയാ.. റേറ്റ് അല്പം കൂടും. എനിക്ക് അൻപതു ലക്ഷം വേണം.'
രാജസേനന്റെ കണ്ണു തള്ളി.
അൻപതു ലക്ഷം!
അയാൾ മകനെ നോക്കി.

യാതൊരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണ് രാഹുൽ.
''അൻപത് എന്നൊക്കെ പറയുമ്പോൾ..' രാജസേനൻപകുതിക്ക് നിർത്തി.
''എങ്കിൽ ഞാനിറങ്ങുന്നു. നമ്മൾ തമ്മിൽ കണ്ടിട്ടുമില്ല ഇക്കാര്യം സംസാരിച്ചിട്ടുമില്ല.'
സ്പാനർ മൂസ എഴുന്നേറ്റു.

''മൂസ ഇരിക്ക്.' പറഞ്ഞിട്ട് രാഹുൽ അച്ഛന്റെ നേർക്ക് തിരിഞ്ഞു.
''അൻപതു ലക്ഷമാണോ അച്ഛാ അഭിമാനമാണോ വലുത്? അച്ഛനെ വെല്ലുവിളിച്ച് എന്നെ കസ്റ്റഡിയിലെടുത്ത ഒരു പീറ എസ്.പി നമ്മുടെമുന്നിലൂടെ നെഞ്ചും വിരിച്ചു പോകുക എന്നു പറഞ്ഞാൽ... ഛേ..'

മകൻ ബാക്കി പറയാൻ സമ്മതിച്ചില്ല രാജസേനൻ.
അയാൾ മൂസയോടു തിരക്കി.
''എപ്പോൾ കാര്യം നടക്കും?'
''പണം കിട്ടി നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ.'
മൂസ കീഴ്ചുണ്ടിൽ ഒന്നു നഖമോടിച്ചു.
''അപ്പോൾ പണം നേരത്തെ തരണോ? കാര്യം കഴിഞ്ഞിട്ടു പോരേ ?'

രാജസേനൻ തുറന്നു ചോദിച്ചു.
''പോരാ.... ഞാൻ പണവും കൊണ്ട് കടന്നുകളയും എന്നൊന്നും സാറ്‌പേടിക്കണ്ടാ. രാഷ്ട്രീയക്കാരെ പോലെയല്ല ഞങ്ങൾ. വാക്കു പറഞ്ഞാൽ അത് പാലിച്ചിരിക്കും.'
രാജസേനൻ വിളറിപ്പോയി.
അന്നു രാത്രിയിൽ പണം നൽകാമെന്ന് അയാൾ സമ്മതിച്ചു

നാൽക്കാലിക്കൽ.
എയർപോർട്ട് നിർമ്മാണത്തിനായി കുന്നിടിച്ച്പുഞ്ച നിരത്തിയ ഭാഗം.
അങ്ങേയറ്റത്ത്കയ്യേറി കുടിൽ കെട്ടി താമസിക്കുന്നവരുടെ വീടുകളിലെ വെളിച്ചം കാണാം.
ഇങ്ങേയറ്റത്തേക്ക്ഒരു ക്വാളിസ് ഇരച്ചുവന്ന് ബ്രേക്കിട്ടു.

അതിൽനിന്ന് അഞ്ചുപേർ ഇറങ്ങി.
നേർത്ത നിലാവുണ്ടായിരുന്നു.

അല്പം അകലെ ഇനിയും നികത്താതെ ബാക്കി കിടക്കുന്ന പുഞ്ചപ്പാടത്ത് വെള്ളത്തിൽ മീനുകൾ കുത്തിമറിയുന്നതിന്റെ തിളക്കം കണ്ടു.
ഒരാൾ സെൽഫോൺ എടുത്ത് ആരെയോ വിളിക്കാൻ ഭാവിച്ചു.

അടുത്ത നിമിഷം ഒരു ആക്ടീവയുടെ ശബ്ദം കേട്ടു.
അഞ്ചുപേരും അവിടേക്കു നോക്കി.
സ്‌കൂട്ടറിന്റെ ഒറ്റക്കണ്ണിലെ വെളിച്ചം.
അര മിനിട്ടു കഴിഞ്ഞപ്പോൾ സ്‌കൂട്ടർ അവർക്കരുകിൽ വന്നു നിന്നു.
അതിൽ നിന്ന് പിങ്ക്‌പോലീസ് എസ്.ഐ വിജയ ഇറങ്ങി.(തുടരും)