കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാൻ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈൽഫോൺ വിവരങ്ങൾ തിരിച്ചെടുക്കുകയാണ് ലക്ഷ്യം.
സ്മാർട്ട്‌ഫോൺ കമ്പനിയുടെ സഹായം തേടുന്നതിന് കോടതി ഇതിന് അനുമതി നൽകി. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമൽ കുമാര എന്നയാളാണ് ഗൂഢാലോചന സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്‌തെങ്കിലും കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. മുൻ പ്രതിരോധമന്ത്രി രാജപക്സയെ വധിക്കാനും പദ്ധതിയുണ്ടെന്നും നമൽ കുമാര വെളിപ്പെടുത്തിയിരുന്നു.
നമൽ കുമാരയുടെ ഫോണിൽ നിന്ന് നീക്കിയ വിവരങ്ങളിൽ ചിലത് ശക്തമായ തെളിവുകളാകാൻ സാദ്ധ്യതയുണ്ട്. അത് തിരിച്ചെടുക്കാൻ ഫോൺ നിർമാതാക്കളായ വാവേയുടെ സാങ്കേതികസഹായം ആവശ്യമാണെന്നാണ് ക്രിമിനൽ അന്വേഷണവിഭാഗം (സി.ഐ.ഡി) ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇത്തരത്തിൽ സഹായം ആവശ്യപ്പെടാൻ നിയമം അനുവദിക്കുന്നില്ല. അതിനിടെ, വധിക്കാനുള്ള ഗൂഢാലോചനയിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന രീതിയിൽവന്ന ആരോപണം ഇരുരാജ്യങ്ങളും പിന്നീട് നിഷേധിച്ചു. അതേസമയം നിരപരാധിയായ തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഗൂഢാലോചനയിൽ പങ്കാളിത്തം ആരോപിച്ച് ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാർസലി തോമസ് കോടതിയിൽ അറിയിച്ചു.
കഴിഞ്ഞമാസം 22 നാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയിലാണ് തോമസ് നിരപരാധിത്വം വ്യക്തമാക്കിയത്. സി.ഐ.ഡിയിൽനിന്ന് വധഭീഷണിയുണ്ടെന്നും തന്നെ കസ്റ്റഡിയിൽ വിടരുതെന്നും തോമസ് കോടതിയോട് അഭ്യർഥിച്ചു. 34 ദിവസത്തെ തടവ് തന്റെ ആരോഗ്യം തകർത്തതായും അറിയിച്ചു. എന്നാൽ ആവശ്യം മജിസ്‌ട്രേറ്റ് അനുവദിച്ചില്ല.