തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. തുലാമാസ പൂജയ്ക്കായി കഴിഞ്ഞ ആഴ്ച നട തുറന്നപ്പോൾ വൻ പ്രതിഷേധമാണ് സന്നിധാനത്തും പരിസരത്തും നടന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെയും വാദപ്രതിവാദങ്ങളെയും ആസ്പദമാക്കി മ്യൂസിക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം തമിഴ് യുവതികൾ. ഇവർ ഒരുമിച്ച് പാട്ടുപാടി ചുവടുവയ്ക്കുന്നതാണ് വീഡിയോ.
'ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തെ കാണുന്നതിന് സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാണ് പാട്ട് ആരംഭിക്കുന്നത്. അയ്യപ്പൻ ബ്രഹ്മചാരിയാണ്, അയ്യപ്പന് അക്കാര്യത്തിൽ സംശയമില്ല. ഞങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ല. സംശയമുള്ളവരാണ് വീട്ടിലിരിക്കേണ്ടത്'. എന്നിങ്ങനെയാണ് പാട്ടിന്റെ വരികൾ. ആർ.എസ്.എസിനും സംഘപരിവാറിനെയും ശക്തമായി വിമർശിച്ചാണ് പാട്ടിലെ ഓരോ വരികളും.
എല്ലാ കാര്യങ്ങൾക്കും സ്ത്രീകൾ വേണം, പക്ഷേ അമ്പലത്തിലെത്തുമ്പോൾ മാത്രം അവർ അയിത്തമുള്ളവരാകുന്നുവെന്നും, മേൽ വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാർത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങൾ പറയുന്നതെന്നും ഇവർ പാട്ടിലൂടെ ചോദിക്കുന്നു.