പ്രവർത്തനത്തിന്റെ ആറ് വർഷം പൂർത്തിയാകുമ്പോൾ 1045000 അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ദളിത് പ്രസ്ഥാനമായി വളർന്നിരിക്കുകയാണ് പട്ടികജാതി ക്ഷേമസമിതി. കേരളത്തിനകത്തും പുറത്തും പട്ടിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളോടും സമയബന്ധിതമായി പി.കെ.എസ്. പ്രതികരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം നേടി വർഷം ഇത്രയായിട്ടും ഇന്ത്യയാകെ ദലിതർ ഇന്നും കടുത്ത വിവേചനങ്ങളും അവകാശ ലംഘനങ്ങളും നേരിടുകയാണ്. ഗുജറാത്ത് സംഭവം മറക്കുന്നതെങ്ങനെ. പശുവിനെ കൊന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് നാല് ദളിത് യുവാക്കളെ അർദ്ധനഗ്നരാക്കി, മർദ്ദിച്ച് വണ്ടിയുടെ പിറകിൽ കെട്ടിവലിച്ച സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചതാണ്. അധ:സ്ഥിതനെ ദൈവത്തിന്റെ മക്കൾ എന്ന് വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെയും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നാട്ടിൽ ദളിത് വേട്ട തുടരുകയാണ്. ദളിത് ചെറുപ്പക്കാരൻ ഇതര സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് അയാളുടെ രണ്ട് സഹോദരിമാർ പരസ്യ ബലാൽസംഗത്തിനിരയായി. ക്ഷേത്രദർശനത്തിനെത്തിയ ദളിത് വൃദ്ധനെ ഭാര്യയുടെയും സഹോദരന്റെയും മുന്നിൽ വച്ച് വെട്ടിയതിനുശേഷം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കേണ്ട ദളിതരുടെ വീടുകളിൽ ജില്ലാഭരണകൂടത്തിന്റെ പ്രതിനിധികളെത്തി സോപ്പും ഷാംപുവും വിതരണം ചെയ്യുന്നു. കുളിച്ച് ശുദ്ധമായി പരിപാടിക്ക് വരാനാണത്രേ! ദളിതർക്കു നേരെ രൺവീർ സേനപോലുള്ള സവർണ സായുധ സംഘങ്ങൾ നടത്തിയ കൂട്ടക്കുരുതികളിൽ ശിക്ഷിക്കപ്പെട്ടവരെ വെറുതെ വിടാൻ നീതിന്യായ സ്ഥാപനങ്ങൾ നിരത്തുന്ന കാരണങ്ങൾ അംഗീകരിക്കാവുന്നതല്ല.
കോടതിയുടെ തെറ്റായ ഇടപെടലായിരുന്നു പട്ടികജാതി പട്ടികവർഗ (പീഡനം തടയൽ) നിയമം പ്രയോജന രഹിതമാക്കികൊണ്ടുള്ള സുപ്രീംകോടതി വിധി. സംവരണം ഭരണകൂടത്തിലെ ദളിത് പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയാണെന്ന കാര്യം കോടതികൾ മറന്നുപോകുന്നു.
കേന്ദ്രസർക്കാർ പട്ടികവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുകയാണ്. 1980 മുതലുള്ള പ്രത്യേക ഘടകപദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. ജനസംഖ്യാനുപാതികമായ തുക എൻ.ഡി.എ സർക്കാർ മാറ്റിവയ്ക്കുന്നില്ല. 332000 കോടി രൂപയുടെ വെട്ടിക്കുറയ്‌ക്കൽ ഇതുവരെ കേന്ദ്രം വരുത്തി. പട്ടിക പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്കുള്ള 7000 കോടിരൂപയുടെ സ്‌കോളർഷിപ്പ് കുടിശ്ശികയാണ് തീർക്കാനുള്ളത്. ദളിതരുടെ പ്രതിഷേധത്തെ ബി.ജെ.പി സർക്കാരുകൾ തോക്കും ലാത്തിയുംകൊണ്ടാണ് നേരിട്ടത്. വെടിവെയ്പിൽ 12 പേർ കൊല്ലപ്പെട്ടു. പൊലീസിനൊപ്പം സംഘപരിവാറുകാരും ആക്രമണത്തിൽ പങ്കാളികളായി. ബി ജെ.പിക്കാരായ ദളിതരെയും അവർ വെറുതെ വിട്ടില്ല. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നിരവധി മാസങ്ങൾ ജയിലിലായിരുന്നു. നിലപാടിനെതിരെ ബി.ജെ.പിക്കാരായ എം. പി മാർക്കുപോലും പരസ്യമായി പ്രതികരിക്കേണ്ടിവന്നു.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി ദലിത് സൗഹൃദ സമീപനമാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റേത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ് ദളിത് നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം. കുറ്റവാളികളെ കണ്ടെത്താൻ യു.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ല. എൽ.ഡി.എഫ് അധികാരത്തിൽ വന്നയുടൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് കൊലയാളിയെ നിയമത്തിന് മുന്നിലെത്തിച്ചു. ജിഷയുടെ അമ്മക്ക് പ്രതിമാസം 5000 രൂപ പെൻഷനും വീടും നിർമ്മിച്ച് നൽകി; സഹോദരിക്ക് സർക്കാർ ജോലിയും ഉറപ്പാക്കി. മലപ്പുറം സ്വദേശിയായ ദളിത് നഴ്സിംഗ് വിദ്യാർത്ഥിനി കർണ്ണാടകത്തിൽ വെച്ച് ക്രൂരമായ റാഗിംങ്ങിന് വിധേയമായി മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടായി. വിദ്യാർത്ഥിനിയെ സൗജന്യ വിദഗ്ദ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയ സർക്കാർ അവർക്ക് കേരളത്തിൽ പഠനം തുടരാൻ അവസരവും നൽകി.
സ്റ്റൈപന്റ്, ലംസംഗ്രാന്റ് തുടങ്ങിയവ 50 ശതമാനം വർദ്ധിപ്പിച്ചു. ദളിത് വിദ്യാർത്ഥികൾക്ക് വിദേശത്ത് പോയി പഠനം നടത്താനുള്ള പദ്ധതിയൊരുക്കി. പഠന വീട് എന്ന ആശയം നടപ്പാക്കി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണി പാതിയിൽ നിന്നുപോയ 16360 വീടുകൾ പൂർത്തീകരിക്കാൻ ധനസഹായം നൽകി . 23841 പുതിയ വീടുകളുടെ നിർമ്മാണം നടന്നുവരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പ് നടപ്പാക്കി വരുന്ന ചികിത്സാ ധനസഹായ പദ്ധതി 47496 രോഗികൾക്ക് ആശ്വാസമായി. സർക്കാർ നടപ്പാക്കുന്ന നാല് മിഷനുകളുടെയും
പ്രധാന ഗുണഭോക്താക്കൾ പട്ടിക വിഭാഗക്കാരാണ്. ക്ഷേമപെൻഷനുകൾ 600 രൂപയിൽ നിന്നും 1100 ആയി വർദ്ധിപ്പിച്ചപ്പോൾ അതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചതും പട്ടികവിഭാഗത്തിൽപ്പെട്ടവർക്കാണ്. പി.കെ.എസ് ആവശ്യപ്പെട്ടുവന്ന, ദേവസ്വം ബോർഡ് ഉദ്യോഗ നിയമനങ്ങളിലെ സംവരണം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കി.
മറ്റു സംസ്ഥാനങ്ങളിൽ പട്ടികജാതിക്കാരെ അമ്പലങ്ങളിൽനിന്നും ആട്ടിയകറ്റുമ്പോൾ കേരളത്തിൽ അവരെ പൂജാരിമാരായി നിയമിക്കുന്നു.
എന്നാൽ നാം പോരാട്ടം നടത്തി അവസാനിപ്പിച്ച ദുരാചാരങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഒരു ഭാഗത്ത് തകൃതിയായി നടക്കുകയാണ്. സുപ്രീംകോടതിയുടെ ശബരിമല യുവതിപ്രവേശന ഉത്തരവിന്റെ പേരിൽ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും തിരികെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിയും ഭരണഘടനയും ഇടപെടാൻ പാടില്ലത്രെ. അത്യന്തം അപകടകരമായ വാദമാണിത്.
കേരളത്തിൽ പട്ടികജാതിക്കാർക്ക് മനുഷ്യരായി ജീവിക്കാനുള്ള അവസരമുള്ളപ്പോൾത്തന്നെ അവർ വിവിധ വിവേചനങ്ങൾക്ക് വിധേയമാകുന്നുമുണ്ട്. സർക്കാർ ഖജനാവിൽ നിന്നും 10000 കോടി രൂപ പ്രതിവർഷം ചെലവഴിക്കപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അർഹമായ തൊഴിലവസരം ലഭിക്കുന്നില്ല. അതിശീഘ്രം നടക്കുന്ന പൊതുമേഖലാ സ്വകാര്യവത്ക്കരണം പട്ടിക വിഭാഗങ്ങളുടെ തൊഴിൽ സാധ്യതയില്ലാതാക്കുന്നു. ഈ കുറവ് പരിഹരിക്കാൻ സ്വകാര്യമേഖലയിലും തൊഴിൽ സംവരണം ഏർപ്പെടുത്തണം. വ്യാപകമാകുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെപോലെ പഠിക്കാൻ അവസരം ഉണ്ടാകണം. എല്ലാ താത്‌കാലിക, കരാർ, ദിവസകൂലി, കുടുംബശ്രീ നിയമനങ്ങളിലും സംവരണം നടപ്പാക്കണം. ഭൂരഹിതരായിട്ടുള്ള ദളിത് കർഷകർക്ക് 50 സെന്റ് വീതം കൃഷിഭൂമി നൽകണം തുടങ്ങി കേരളത്തിലെ ദളിതർ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ സംസ്ഥാന സമ്മേളനം വിശദമായി ചർച്ചചെയ്യും. ഒപ്പം ഭാവിപരിപാടികളും ആസൂത്രണം ചെയ്യും.
പട്ടികജാതിക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ