chidambaram

ന്യൂഡൽഹി: എയർസെൽ - മാക്‌സിസ് കേസിൽ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, ചിദംബരത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്.ഭാസ്‌കരരാമൻ, മുൻ ധനകാര്യ സെക്രട്ടറി അശോക് ചാവ്‌ള, സാമ്പത്തികകാര്യ വകുപ്പു മുൻസെക്രട്ടറി അശോക് ഝാ എന്നിവരടക്കം ഒമ്പത് പേരും പ്രതികളാണ്. കുറ്റപത്രം നവംബർ 26ന് കോടതി പരിഗണിക്കും.

ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും പ്രതി ചേർത്ത് സി.ബി.ഐ നേരത്തെ ഡൽ‌ഹി പട്യാല ഹൗസ് കോടതിയിൽ സി.ബി.ഐ ജഡ്‌ജി ഒ.പി. സെയ്‌നി മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

2006ൽ എയർസെൽ - മാക്‌സിസ് ഇടപാടിനും ഐ.എൻ.എക്‌സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ അനുമതി ലഭിക്കാനായി ഇടപെട്ടതിന് കാർത്തി ചിദംബരത്തിനെതിരെ സി.ബി.ഐയും എൻഫോഴ്സ‌്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ അറസ്റ്റിലായ കാർത്തി ഇപ്പോൾ ജാമ്യത്തിലാണ്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കെയാണ് രണ്ടു കൂട്ടർക്കും വിദേശനിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകാൻ മാത്രം അധികാരമുള്ള ധനമന്ത്രി 3,500 കോടി രൂപയുടെ ഇടപാടിനു അനുമതി നൽകിയതായാണ് ആരോപണം.മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ളോബൽ കമ്മ്യൂണിക്കേഷൻ സർവീസസ് ഹോൾഡിംഗ്സിന് എയർസെല്ലിൽ 5500 കോടിയുടെ നിക്ഷേപത്തിനാണ് അനുമതി തേടിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തികാര്യ കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകേണ്ടിയിരുന്നത്. എന്നാൽ 600 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് അനുമതി നൽകാൻ മാത്രം അധികാരമുള്ള ധനമന്ത്രാലയം നേരിട്ട് അനുമതി നൽകുകയായിരുന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കരാറിന് അംഗീകാരം കിട്ടിയതിന് പിന്നാലെ കാർത്തി ചിദംബരത്തിന് ബന്ധമുള്ള കമ്പനിക്ക് 26 ലക്ഷം രൂപ എയർസെൽ ടെലിവെഞ്ച്വേഴ്സ് നൽകിയെന്നും സി.ബി.ഐ ആരോപിക്കുന്നു.